കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫ് എസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയിലാണ് പൊടിമോൻ എംഡിഎംഎയുമായി പിടിയിലായത്.

കൊല്ലം: സ്കൂളിന് സമീപത്തു നിന്നും എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയിൽ. പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിൽ 'പൊടിമോൻ' എന്ന് വിളിക്കുന്ന ദുഷ്യന്തൻ (53) ആണ് അറസ്റ്റിലായത്. പരുത്തിയറ സ്കൂളിന് സമീപം പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരവുമായി ദുഷ്യന്തൻ പിടിയിലായത്. 403.940 ഗ്രാംഎംഡിഎംഎയാണ് പിടികൂടിയത്. ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫ് എസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയിലാണ് പൊടിമോൻ പിടിയിലായത്. പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ മനോജ് മാത്യു, എസ്‌എച്ച്‌ഒ വിഷ്ണു ജി, എസ്.ഐമാരായ ഹരി, സന്തോഷ്, എ.എസ്.ഐ വിനോദ് ബാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ്, മെൽവിൻ, ഗോകുൽ, അഭിലാഷ് എന്നിവരും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ​ജില്ലയിൽ ലഹരി വിൽപനയ്ക്കും ലഹരി കടത്തിനുമെതിരെ കർശന നടപടികൾ തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഷാജി സുഗുണൻ ഐപിഎസ് അറിയിച്ചു.