പദ്ധതിക്കായി പഞ്ചായത്ത് ഭൂമിയല്ല വട്ടവടയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഒരു കണ്ടെത്തൽ വില കൊടുത്ത് വാങ്ങിയ ഭൂമിയിലാണ് പഞ്ചായത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രസിഡന്റ്

ഇടുക്കി: വട്ടവടയില്‍ നിര്‍മ്മിക്കുന്ന മാതൃക ഗ്രാമം പദ്ധതിയിൽ വൻ അഴിമതി നടന്നതായി ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. പദ്ധതിക്കായി 80 ലക്ഷം ചെലവഴിച്ചെന്ന പഞ്ചായത്തിന്റെ വാദം സബ് കളക്ട‍ര്‍ തള്ളി. പത്ത് ലക്ഷം രൂപയുടെ നിര്‍മ്മാണം പോലും നടന്നിട്ടില്ലെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്.

പദ്ധതിക്കായി പഞ്ചായത്ത് ഭൂമിയല്ല വട്ടവടയിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് മാതൃകാ ഗ്രാമം നിര്‍മ്മാണമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സബ് കളക്ടറുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി.

എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വട്ടവട ഗ്രാമ പഞ്ചായത്ത് പ്രതികരിച്ചു. പഞ്ചായത്ത് വില കൊടുത്ത് വാങ്ങിയ ഭൂമിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ഇവരുടെ വാദം. സംസ്ഥാന സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ദേവികുളം സബ് കളക്ടര്‍ ചെയ്യുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമരാജ് ആരോപിച്ചു.

വട്ടവടയിൽ 27 ഹൗസിംഗ് കോംപ്ലക്സ്, വായനശാല, പകൽവീട്, അങ്കണവാടി, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളോടെയാണ് മാതൃകാ ഗ്രാമം നിര്‍മ്മിക്കുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന വീടുകളിൽ രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, വരാന്ത, ശുചിമുറി സൗകര്യങ്ങളാണ് ഉണ്ടായിരിക്കുക. എംപി ഫണ്ടിൽ നിന്ന് നാല് കോടിയും എംഎൽഎ ഫണ്ടിൽ നിന്ന് മൂന്ന് കോടിയും പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 1.80 കോടിയും ചിലവഴിച്ചാണ് മാതൃകാ ഗ്രാമം നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് എതിരെയാണ് ഇപ്പോൾ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.