തിരുവനന്തപുരം: പാമ്പ് കടിേയറ്റ് വാവാ സുരേഷ് ആശുപത്രിയില്‍. വ്യാഴാഴ്ച രാവിലെയാണ് പത്തനാപുരത്ത് വച്ച് പാമ്പ് പിടുത്തത്തിനിടെ വാവാ സുരേഷിനെ അണലി കടിച്ചത്. ഉച്ചക്ക് ഒന്നരക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച വാവാ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വാവാ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് അറിയിച്ചു. 

വാവാ സുരേഷിന് നിലവില്‍ ആന്‍റിവെനം നല്‍കി വരുന്നുണ്ട്. അടുത്ത 72 മണിക്കൂര്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനും പാമ്പുകളുടെ സംരക്ഷകനുമായ വാവാ സുരേഷിന് മുന്‍പും പല തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. രണ്ട് തവണ ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന ശേഷം ജിവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു.