Asianet News MalayalamAsianet News Malayalam

ലോകായുക്ത വിധി അപകടകരമായ സ്ഥിതിയുണ്ടാക്കും, പരാതിക്കാരൻ്റെ അടുത്ത നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് സതീശൻ

പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയില്‍ നിന്നും ഇത്തരമൊരു വിധിയല്ലാതെ മറിച്ചൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും സതീശൻ പറഞ്ഞു

VD Satheesan against CM Pinarayi Vijayan and Lokayukta on chief ministers relief fund case verdict asd
Author
First Published Nov 13, 2023, 7:12 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണ്. ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ആര്‍ക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാമെന്ന അപകടകരമായ സാഹചര്യം ഈ വിധി മൂലം ഉണ്ടാകും. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് യു ഡി എഫ് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് അനുകൂലം, 'ഇത് പ്രതീക്ഷിച്ച വിധി', ലോകായുക്തക്കെതിരെ യൂഡിഎഫ് കൺവീനർ

പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയില്‍ നിന്നും ഇത്തരമൊരു വിധിയല്ലാതെ മറിച്ചൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും സതീശൻ പറഞ്ഞു. നീതി നടപ്പാക്കുന്നതിന് പകരം മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനാണ് ഓരോ സിറ്റിങിലും ലോകായുക്ത ശ്രമിച്ചത്. ദുരിതാശ്വാസ നിധി പരാതിയില്‍ ഉള്‍പ്പെട്ട മുന്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകായുക്തമാരും ഈ വിധി പ്രസ്താവനത്തിന്റെ ഭാഗമായെന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.

നിയമസംവിധാനങ്ങളെ പോലും അഴിമതിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയന്‍ സംസ്ഥാനത്ത് നടത്തുന്നത്. സംസ്ഥാനത്തെ ഗുരിതര ധനപ്രതിസന്ധിയിലാക്കിയിട്ടും ഏതുവിധേനയും അഴിമതി നടത്തുകയെന്നതു മാത്രമാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ലക്ഷ്യം. അഴിമതി വിരുദ്ധ നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഈ വിധിയിലൂടെ ലോകായുക്ത ഇല്ലാതാക്കിയതെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടക്കമുള്ളവരും ലോകായുക്ത വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നാണ് ചെന്നിത്തല പറഞ്ഞത്. സർക്കാർ വിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹർജിക്കാരനെ മോശമായിട്ടാണ് വിമർശിച്ചതെന്നുമാണ് ചെന്നിത്തല ചൂണ്ടികാട്ടിയത്.

Follow Us:
Download App:
  • android
  • ios