Asianet News MalayalamAsianet News Malayalam

ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കാൻ ശ്രമം,ബിൽ പാസാകാൻ പാടില്ല-വി.ഡി.സതീശൻ

മന്ത്രിസഭയിൽ എതിർത്ത സി പി ഐ നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

vd satheesan against lokayukta amendment bill
Author
First Published Aug 16, 2022, 11:13 AM IST

മലപ്പുറം: ലോകായുക്തയുടെ പല്ലും നഖവും ഊരി എടുക്കാൻ സ‍ർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്തരത്തിലുള്ള നിയമം പാസാകാൻ പാടില്ല. ബില്ലിനെ എതിർക്കേണ്ടത് തന്നെയാണ്. ഭേ​ദ​ഗതി നിയമ വിരുദ്ധവും ഭരണ ഘടന വിരുദ്ധവുമാണ്.  ലോകായുക്ത ഭേദ​ഗതി ബിൽ പ്രതിപക്ഷം എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു. എന്നാൽ മന്ത്രിസഭയിൽ എതിർത്ത സി പി ഐ നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായി ലോകായുക്തയിൽ കേസ് ഉണ്ട്. വിധി എതിരാകുമെന്ന് പേടിച്ചാണ് ലോകായുക്തയുടെ പല്ലും നഖവും ഊരാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

പാലക്കാട്‌ കൊലപാതകത്തിലെ യഥാർഥ പ്രതികളെ കണ്ടെത്തമെന്ന് വി ഡി സതീശൻ പറഞ്ഞു. പൊലീസിനെ കയ്യും കാലും കെട്ടി ഇടരുത്.കേസ് സ്വാതന്ത്രമായി അന്വേഷിക്കാൻ പൊലീസിനെ അനുവദിക്കണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വി ഡി സതീശൻ ആരോപിച്ചു

ലോകയുക്ത നിയമ ഭേദഗതി; എതിർപ്പ് ഉന്നയിച്ച് സിപിഐ, മന്ത്രിസഭയിൽ ഭിന്നത

ലോകായുക്ത നിയമഭേദഗതിയില്‍ എതിർപ്പ് ഉന്നയിച്ച് സിപിഐ. ബില്ലിൽ മാറ്റം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് മന്ത്രിസഭയിൽ എതിർപ്പ് ഉന്നയിച്ചത്. ഓർഡിനൻസിന് പകരമുള്ള ബില്ലിൽ മാറ്റം ഇപ്പോൾ കൊണ്ട് വന്നാൽ നിയമ പ്രശ്നം ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ ചർച്ച പിന്നീട് ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചർച്ച ഇല്ലെങ്കിൽ സഭയിൽ ഭേദഗതി കൊണ്ട് വരാനാണ് സിപിഐ നീക്കം. ബിൽ ഇതേ പോലെ അവതരിപ്പിച്ച ശേഷം ചർച്ചയിൽ ഉയരുന്ന നിർദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാം എന്നാണ് പി രാജീവ് അറിയിച്ചത്. വിശദമായ ചർച്ച വേണം എന്ന നിലപാട് സിപിഐ മന്ത്രിമാർ ആവർത്തിച്ചു.

 

ഗവർണ്ണർ ഉയർത്തിയ പ്രതിസന്ധി തീർക്കാൻ സഭ വിളിച്ച സർക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ കടുത്ത എതിർപ്പാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർപ്പ് ആവർത്തിക്കാനാണ് സിപിഐ നീക്കം. 

Follow Us:
Download App:
  • android
  • ios