രാഹുലിന്റെ പ്രവർത്തികൾ രാഷ്ട്രീയ മര്യാദയ്ക്ക് എതിരാണെന്നും, എം എൽ എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന് മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനങ്ങളും അഴിച്ചുവിട്ടു. വർഷങ്ങൾക്ക് മുൻപേ രാഹുലിന്റെ അധാർമിക പ്രവർത്തികളെക്കുറിച്ച് സതീശന് അറിവുണ്ടായിരുന്നുവെന്നും, അവസാന നിമിഷം വരെ രാഹുലിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. രാഹുലിന്റെ പ്രവർത്തികൾ രാഷ്ട്രീയ മര്യാദയ്ക്ക് എതിരാണെന്നും, എം എൽ എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാഹുലിന്റെ മെന്റർ എന്ന നിലയിൽ സതീശനും ഈ വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.