Asianet News MalayalamAsianet News Malayalam

തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശം തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

VD Satheesan mokes CM Pinarayi Vijayan and Kerala Ministers for camping at Thrikkakkara for Byelection 2022
Author
Thiruvananthapuram, First Published May 17, 2022, 9:46 PM IST

കൊച്ചി: തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്ത് പോയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ എന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെ. സംസ്ഥാന സർക്കാരിൻറെ കൈയിൽ പണമില്ലാതെ മന്ത്രിമാർ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണ്? മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശം തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പരാമർശം: കെ സുധാകരനെ കടന്നാക്രമിച്ച് ഇപി ജയരാജൻ

കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരൻ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്. എൽഡിഎഫിന്റെ വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ദില്ലിയിലും, പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ ചെന്നു കേണ് അപേക്ഷിക്കുകയാണ് കോൺഗ്രസെന്നും ഇപി ജയരാജൻ പരിഹസിച്ചു.

ട്വന്റി ട്വന്റിയെ എതിർത്ത പാർട്ടിയല്ലേ കോൺഗ്രസ് എന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന ദയാഹർജിയുമായി ട്വന്റി ട്വന്റിയുടെ മുന്നിൽ പോയി നിൽക്കുന്നു. ആ അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി. യുഡിഎഫ് തൃക്കാക്കരയിൽ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു. സാബു എം ജേക്കബിനെതിരായ പോസ്റ്റ് തെറ്റെന്ന് പിവി ശ്രീനിജന് തോന്നിയത് കൊണ്ടാണ് അത് പിൻവലിച്ചത്. ഒരു വോട്ടും വേണ്ടെന്ന് ആരോടും പറയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios