Asianet News MalayalamAsianet News Malayalam

'കള്ളുകുടിച്ച് പ്രശ്നമുണ്ടാക്കി, വനിതാ നേതാക്കളെ അധിക്ഷേപിച്ചു'; ജോജുവിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

സമാധാനമായി സമരം നടക്കുന്നതിനിടെ ജോജു പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ വാദം. ജോജു മദ്യപിച്ച് സിനിമാ സ്റ്റൈൽ ഷോ ഇറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 

Congress leaders demand action against Joju George for misbehaving with women Party Workers
Author
Trivandrum, First Published Nov 1, 2021, 12:37 PM IST

കൊച്ചി: വഴി തടയൽ സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോർജ്ജിനെതിരെ (joju george) നടപടി വേണമെന്ന് കോൺഗ്രസ് (Congress) നേതാക്കൾ. ഇന്ധന വിലവർധനക്കെതിരായി (fuel price) കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരം വലിയ ഗതാഗതകുരുക്കിലേക്ക് നീങ്ങിയതോടെയാണ് ബ്ലോക്കിൽപെട്ട നടൻ ജോജു ജോർജ്ജ് വാഹനത്തിൽ നിന്ന് ഇറങ്ങി വന്നതും പ്രതിഷേധിച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോജു കയര്‍ത്തു. ജോജു വനിതാ നേതാക്കളോട് മോശമായി സംസാരിച്ചുവെന്നും അധിക്ഷേപ പരമാർശം നടത്തിയെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

ഇന്ധന വില വർധനവിനെതിരെയാണ് പ്രതിഷേധമെന്നും സാധാരണക്കാർക്ക് വേണ്ടിയാണ് സമരമെന്നും കോൺഗ്രസ് നേതാക്കൾ ഓർമ്മിപ്പിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് റോഡ് തടയാൻ എത്തിയതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സമാധാനമായി സമരം നടക്കുന്നതിനിടെ ജോജു പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ വാദം. സമരത്തിന് നേതൃത്വം നൽകുകയായിരുന്നു വനിതാ നേതാവിനോട് ജോജു അപമര്യാദയായി പെരുമാറിയെന്നും മദ്യപിച്ച് സിനിമാ സ്റ്റൈൽ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 

സംഭവത്തിൽ നടനെതിരെ പൊലീസ് നടപടി വേണമെന്നും ഉടൻ തന്നെ രേഖാമൂലം പരാതി നൽകുമെന്നും വനിതാ നേതാവ് പ്രതികരിച്ചു. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന് വന്നത്. സാധാരണക്കാർക്ക് വേണ്ടി സമരം നടത്തുമ്പോൾ വെറും ഷോ വർക്കാണ് ജോജു നടത്തിയതെന്ന് വനിതാ നേതാക്കൾ പറയുന്നു. ജോജുവിന്റെ കയ്യിൽ കുറേ പൈസയുണ്ടാകും ഇന്ധന വില പ്രശ്നമായിരിക്കില്ല പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധക്കാർ പറയുന്നു. 

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. ദേശീയ പാതയിലെ സമരത്തെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്‍റെ ഇടതുവശമാകും ഉപരോധിച്ചത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു. 

Read More: 'രണ്ട് മണിക്കൂറായി പെട്ട് കിടക്കുന്നു', കൊച്ചിയിൽ വഴി തടഞ്ഞുള്ള കോൺഗ്രസ് സമരത്തിനെതിരെ രോഷാകുലനായി നടൻ ജോജു

വാഹനങ്ങൾ കടത്തി വിടുന്നതിനിടെ ജോജുവിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരാണ് നടന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ റേഞ്ച് റോവർ വാഹനത്തിന്റെ പുറകിലെ ചില്ല് തകർത്തു.

Read More: നടൻ ജോജു ജോർജ്ജിനെ കൈയ്യേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് ശ്രമം, വാഹനം തകർത്തു

Follow Us:
Download App:
  • android
  • ios