Asianet News MalayalamAsianet News Malayalam

കൊള്ളമുതല്‍ വീതംവെച്ചവരെ സിപിഎം സംരക്ഷിക്കുന്നു;അനില്‍ അക്കരയുടെ ആരോപണം അതീവ ഗൗരവമെന്നും വി ഡി സതീശന്‍

തൃശൂരിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനും പിന്നിലെ സി.പി.എം- ബി.ജെ.പി ബന്ധം അന്വേഷിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു

VD Satheesan says Anil Akkara's allegation is very serious, CPM protects those who shared the loot.
Author
First Published Oct 4, 2023, 12:35 PM IST

തിരുവനന്തപുരം: കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവെച്ചവരെയും സിപിഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കബളിപ്പിക്കപ്പെട്ട നിക്ഷേപര്‍ക്കെല്ലാം പണം മടക്കി നല്‍കണമെന്നും കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സി.പി.എം നേതാക്കള്‍ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവര്‍ത്തിക്കുന്നത് കബളിപ്പിക്കലാണ്.

അമ്പതിനായിരത്തില്‍ താഴെ നിക്ഷേപമുള്ളവര്‍ക്ക് അത് മടക്കി നല്‍കുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ തല്‍ക്കാലം നല്‍കുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതിവച്ചതും വിരമിച്ചപ്പോള്‍ കിട്ടിയതുമായ ലക്ഷങ്ങള്‍ നിക്ഷേപിച്ച് സര്‍വതും നഷ്ടമായവരുടെ പണം എങ്ങനെ മടക്കി നല്‍കുമെന്ന് സഹകരണ മന്ത്രിയോ സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് ആവര്‍ത്തിക്കുന്നത് പൊതുസമൂഹത്തോടുള്ള പരിഹാസമാണെന്നും സതീശന്‍ പറഞ്ഞു. 


കരുവന്നൂരില്‍ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നാണ് സഹകരണമന്ത്രിയുടെ വാക്കുകള്‍ കേട്ടാല്‍ തോന്നുക. കൊള്ളയ്ക്ക് കുട പിടിക്കുന്നവരും കൊള്ളമുതല്‍ വീതം വച്ചവരെ സംരക്ഷിക്കുന്നവരുമായി സര്‍ക്കാരും സി.പി.എമ്മും മാറി. കരുവന്നൂരില്‍ 300 കോടിയെങ്കിലും കൊള്ളയടിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ട്. സര്‍വതും നഷ്ടപ്പെട്ട നിക്ഷേപര്‍ക്കെല്ലാം അവരുടെ പണം മടക്കി നല്‍കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴല്‍പ്പണക്കേസുമായി പരസ്പരബന്ധമുണ്ടെന്ന അനില്‍ അക്കരയുടെ ആരോപണം അതീവ ഗൗരവതരമാണ്.

കൊടകര കുഴല്‍പ്പണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചുള്ള ഒത്തുതീര്‍പ്പ് സംബന്ധിച്ചാണ് മുഖ്യമന്ത്രിയുമായി എം.കെ കണ്ണന്‍ ചര്‍ച്ച നടത്തിയതെന്നും അനില്‍ അക്കര ആരോപിച്ചിട്ടുണ്ട്. തൃശൂരിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനും പിന്നിലെ സി.പി.എം- ബി.ജെ.പി ബന്ധവും പുറത്ത് വരേണ്ടതുണ്ട്. ഇതെല്ലാം വിശദമായി അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു. ലാവലിന്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ അട്ടിമറിച്ചതു പോലെ കരുവന്നൂര്‍ ബാങ്ക് കൊള്ളയിലും കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പിഎം ഒത്തുതീര്‍പ്പിലെത്തുമോയെന്ന ആശങ്കയും പ്രതിപക്ഷത്തിനുണ്ടെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios