അയ്യപ്പഭക്തർക്കായി പമ്പയിൽ നിന്നും ഇടതടവില്ലാതെ ചെയിൻ സർവീസുകളും ദീർഘദൂര സർവീസുകളും നടത്തി കെ എസ് ആർ ടി സി. പമ്പ-നിലക്കൽ റൂട്ടിൽ റെക്കോർഡ് സർവീസുകൾ നടത്തിയതിനൊപ്പം തെങ്കാശി, പഴനി തുടങ്ങിയ ഇൻറർസ്റ്റേറ്റ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. 

പമ്പ: ഇടതടവില്ലാതെ ചെയിൻ സർവീസുകളും ദീർഘദൂര സർവീസുകളുമായി അയ്യപ്പഭക്തരുടെ യാത്രക്കൊപ്പം കെ എസ് ആർ ടി സി. പമ്പയിൽ നിന്നും 196 ബസുകൾ ആണ് സർവീസ് നടത്തുന്നത്. പമ്പ- നിലക്കൽ റൂട്ടിൽ ഇരുവശത്തേക്കുമായി ഇതുവരെ 71,500 ചെയിൻ സർവീസുകൾ നടത്തിയിട്ടുണ്ടെന്നാണ് കെ എസ് ആർ ടി സിയുടെ കണക്ക്. പമ്പയിലേക്ക് 8030, പമ്പയിൽ നിന്നും 8050 എന്നിങ്ങനെ ദീർഘദൂര സർവീസുകളും നടത്തി. ഇതോടൊപ്പം തെങ്കാശി, പഴനി, കോയമ്പത്തൂർ തുടങ്ങിയ ഇൻറർസ്റ്റേറ്റ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. 

ഗുരുവായൂർ, തൃശ്ശൂർ എന്നീ സ്ഥലങ്ങളിലേക്കും കെ എസ് ആർ ടി സി സർവീസുകൾ നടത്തുന്നുണ്ട്. പമ്പ ഓഫീസിൽ നിന്നും യാത്രക്കാർക്ക് ട്രാവൽ കാർഡുകൾ വാങ്ങിക്കാമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. പമ്പ-ത്രിവേണി, നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടുകൾ കണക്ട് ചെയ്തുള്ള സർവീസുകൾക്ക് പുതിയ ഐഷർ ബസുകൾ അനുവദിച്ചു. പമ്പ ഡിപ്പോയിൽ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ പ്രതിദിന വരുമാനമാണ് ലഭിക്കുന്നതെന്ന് കെ എസ് ആർ ടി സിയുടെ കണക്ക്.