ഏത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി, കൊടകര കുഴൽപ്പണ കേസിൽ പൂർണ്ണ നിശബ്ദത പാലിച്ചു 

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ വാദം കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് കൊണ്ടുവന്നുവെന്നും കള്ളപ്പണം കൊണ്ടുവരാൻ നിർദ്ദേശിച്ചത് കെ. സുരേന്ദ്രനാണെന്നും കേരള പൊലീസിന്‍റെ ആദ്യ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടിൽ കേസെടുക്കാൻ ഇഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി, കൊടകര കുഴൽപ്പണ കേസിൽ പൂർണ്ണ നിശബ്ദത പാലിച്ചു. അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിന് മുൻപ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പൊലീസിന് അറിയാമായിരുന്നു.സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൻ്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായി. പരസ്പര സഹായ സഹകരണ സംഘമായി സി.പിഎമ്മും ബി.ജെ.പി യും പ്രവർത്തിച്ചു.

പിണറായി വിജയന് കേരള ബിജെപി യിൽ എത്രമാത്രം സ്വാധീനമുണ്ട് എന്നതിൻ്റെ തെളിവാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ്റെ ഇന്നത്തെ ആരോപണങ്ങൾ. ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരിൽ പ്രധാനി പിണറായി വിജയൻ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നത്. ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളിൽ ജനം മറുപടി നൽകുമെന്നും സതീശന്‍ പറഞ്ഞു.