പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരായ വർഗീയ അനൗൺസ്മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് സംഭവത്തിന് സമാനമാണിതെന്നും, തോൽവി ഉറപ്പായപ്പോൾ അധികാരം നിലനിർത്താൻ സിപിഎം വർഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

കോഴിക്കോട്: പേരാമ്പ്രയിലെ യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരായ വർഗീയ അനൗൺസ്മെന്‍റിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ പ്രചരിപ്പിച്ച കാഫി‌ർ സ്ക്രീൻ ഷോട്ടടക്കം ചൂണ്ടിക്കാട്ടിയാണ് സതീശന്‍റെ വിമ‍ർശനം. മറ്റാരുണ്ട് സി പി എം അല്ലാതെ എന്ന ചോദ്യമുയർത്തി, രണ്ട് സംഭവങ്ങളും വിവരിക്കുന്ന ചിത്രമടക്കം ഫേസ്ബുക്കിൽ പങ്കുവച്ചാണ് വിമർശനം. തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സി പി എമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണമെന്നും സതീശൻ അഭിപ്രായപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി പി എം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സി പി എം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍.ഡി.എഫ് വര്‍ഗീയ അനൗണ്‍സ്മെന്റ് നടത്തിയത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സി പി എം, ഡി വൈ എഫ് ഐ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിച്ചു. തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സി പി എമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണം. മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി പി എം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സി പി എമ്മും എല്‍ ഡി എഫും മറക്കരുത്. സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം.