ജൂലൈ 3 നാണ് മുഫീദയ്ക്ക് പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലെ മക്കളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. 

വയനാട്: തരുവണയിലെ സ്ത്രീയുടെ ദുരൂഹ മരണത്തിൽ വെള്ളമുണ്ട പൊലിസ് കേസെടുത്തു. ഭർത്താവിന്‍റെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഫീദ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ ഇന്നലെയാണ് മരിച്ചത്. മുഫീദയുടെ മക്കൾ നൽകിയ പരാതിയിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. 

ജൂലൈ 3 നാണ് മുഫീദയ്ക്ക് പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലെ മക്കളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇവർ ഭീഷണിപ്പെടുത്തുന്നതിനിടെ മണ്ണെണ ഒഴിച്ച് മുഫീദ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 3 പേരടങ്ങിയ സംഘം തടയാൻ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നിൽക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകൻ പറയുന്നു. 

സംഭവം നടക്കുമ്പോൾ സ്ഥലത്ത് പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. ആദ്യ ഭർത്താവിന്‍റെ മകൻ സിപിഎം പ്രവർത്തകനായതിനായാൽ പ്രാദേശിക നേത‍ൃത്വം പ്രതികളെ തുണച്ചു എന്നാക്ഷേപമുണ്ട്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം പുലിക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ വിശദീകരണം. ചികിത്സയിലിരിക്കെ മുഫീദ മൊഴിയിൽ ആര്‍ക്കെതിരെയും പരാതികള്‍ ഉന്നയിക്കാത്തതിനാല്‍ ആദ്യം കേസെടുത്തിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. സംഭവസ്ഥലത്ത് പുറത്ത് നിന്നുള്ളവ‍ർ ഉണ്ടായിരുന്നെന്ന് വ്യക്തമായിട്ടും പൊലിസ് അനങ്ങാതിരുന്നത് രാഷ്ട്രീയ സ്വാധിനം കാരണമാണെന്ന് നാട്ടുകാർക്ക് ആരോപിക്കുന്നുണ്ട്. 

ശാരീരിക പരിമിതികളുടെ പേരില്‍ മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷന്‍ നിഷേധിച്ചു; സ്വകാര്യ സ്കൂളിനെതിരെ പരാതി

ശാരീരിക പരിമിതികളുടെ പേരില്‍ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റ് മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷന്‍ നിഷേധിച്ചെന്ന് പരാതി. കോട്ടയം പേരൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബമാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ സി എസ് ഇ സ്കൂളിനെതിരെ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയത്. എന്നാല്‍ കുട്ടിക്ക് അഡ്മിഷന്‍ നിഷേധിച്ചിട്ടില്ലെന്നാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ വിശദീകരണം.

അമ്മ ചേര്‍ത്ത് പിടിച്ചെങ്കിലേ ആദ്യ മോള്‍ക്ക് നടക്കാനാവൂ. ഞരമ്പുകളെ ബാധിക്കുന്ന ഹൈപ്പര്‍ ടോണിയ എന്ന രോഗത്തിന് ജനിച്ച നാള്‍ മുതല്‍ ചികില്‍സയിലാണ് ഈ മൂന്നാം ക്ലാസുകാരി. ഈ ശാരീരിക അവസ്ഥ ഒഴിച്ചു നിര്‍ത്തിയാല്‍ ആള്‍ മിടുക്കിയാണ്. പക്ഷേ ഈ ശാരീരിക പരിമിതിയുടെ പേരില്‍ കുഞ്ഞിന് ഏറ്റുമാനൂര്‍ മാടപ്പാട് പ്രവര്‍ത്തിക്കുന്ന എസ് എം വി പബ്ലിക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്നാണ് ആദ്യയുടെ മാതാപിതാക്കളുടെ പരാതി. മാതാപിതാക്കളുടെ ജോലിയുടെ സൗകര്യാര്‍ത്ഥമാണ് ആദ്യയെ ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പക്ഷേ എസ് എം വി പബ്ലിക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ കുട്ടിയെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാനായി ഇതേ സ്കൂളില്‍ മുമ്പ് സമീപിച്ചപ്പോഴും മോശം അനുഭവമാണ് ഉണ്ടായതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ അവസാനിച്ചതിനാല്‍ മാത്രമാണ് കുട്ടിയ്ക്ക് പ്രവേശനം നല്‍കാതിരുന്നതെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിച്ചു. അടുത്ത വര്‍ഷം അഡ്മിഷന് പരിഗണിക്കുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതാണെന്നും സ്കൂള്‍ മാനേജര്‍ പ്രതികരിച്ചു. സ്കൂളില്‍ ഭിന്നശേഷിക്കാരായ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും എസ് എം വി പബ്ലിക് മാനേജ്മെന്‍റ് അവകാശപ്പെട്ടു.