മുസ്ലീം ലീഗിനെതിരെ വിമർശനം തുടർന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ വിമർശനം തുടർന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് പ്രവർത്തിക്കുന്നത് മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമാണെന്നും കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്നുമായിരുന്നു പരിഹാസം. അവസരവാദരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗെന്നും വിമർശനം ഉയര്‍ന്നു. മുസ്ലിം ലീഗിനെ അതി രൂക്ഷമായി കടന്നാക്രമിക്കുന്നതാണ് എസ്എന്‍ഡി യോഗം മുഖപത്രമായ യോഗനാദത്തിന്റെ പുതിയ ലക്കം എഡിറ്റോറിയൽ. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്ന് ലേഖനത്തില്‍ വെള്ളാപ്പള്ളി നടേശൻ ആവർത്തിക്കുന്നു.
ഇന്ത്യ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗ്. കൂടുതൽ ഡെക്കറേഷൻ വേണ്ട. കൊള്ള ലാഭമുണ്ടാക്കാൻ കഴിയുന്ന ബിസിനസാണ് രാഷ്ട്രീയം എന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കൾ എന്നിങ്ങനെ നീളുന്നു വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ. കെ എം ഷാജിയെയും ലേഖനത്തിൽ പേരെടുത്ത് പറഞ്ഞു വിമർശിക്കുന്നുണ്ട്. മതേതര സംഭാഷണങ്ങൾ കേട്ടാൽ ചിരി വരുമെന്നും പൊതുവേദികളിൽ പൂച്ചകളെ പോലെ മതേതരത്വത്തിൻ്റെ മനോഹാരിത വിളമ്പുന്ന നേതാക്കൾ മുസ്ലിം വേദികളിൽ പുലികളായി വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വർഗീയവിഷമാണ് വിതറുന്നതെന്നുമാണ് വിമർശനം.
മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിൻ്റെ പുതിയ തലമുറ. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ലെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു. മലപ്പുറം പരാമർശം മുതൽ ലീഗിനെ ലക്ഷ്യമിട്ടു വരികയാണ് വെള്ളാപ്പള്ളി. അതിന്റെ തുടർച്ചയാണ് യോഗ നാഥത്തിലെ ലേഖനവുമെന്നാണ് വിലയിരുത്തൽ.



