ദില്ലി: യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ ജനശതാബ്ദി, വേണാട് എക്സ്പ്രസ്സുകൾ ട്രെയ്നുകൾ റദ്ദാക്കാൻ തീരുമാനിച്ച റെയിൽവെയുടെ നടപടി പുന:പരിശോധിക്കണമെന്ന് ബിനോയ് വിശ്വം എംപി. കേന്ദ്ര റെയിൽവെ മന്ത്രി പീയൂഷ് ഗോയലിനാണ് കത്തയച്ചത്. കൊവിഡ് കാലത്തും അല്ലാത്തപ്പോഴും ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ട്രെയിനുകളാണിതെന്നും എംപി ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റെയിൽവെ നടപ്പാക്കിയ സംവിധാനങ്ങളാണ് യാത്രക്കാരുടെ എണ്ണം കുറച്ചത്. പ്രധാനപ്പെട്ട പല സ്റ്റോപ്പുകൾ ഒഴിവാക്കിയതും പല സ്റ്റേഷനുകളിലും റിസർവേഷൻ സൗകര്യം ഇല്ലാത്തതും യാത്രക്കാരുടെ എണ്ണം കുറയാനിടയാക്കിയിട്ടുണ്ട്. കേരളത്തേക്കാൾ കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ അൺലോക്ക് മാർഗ നിർദ്ദേശങ്ങൾ മാറി വരുമ്പോൾ കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന റെയിൽവെ കേരളത്തിലെ ട്രെയിനുകൾ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഇത് യാത്രക്കാർക്കുണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ഏറെയാണ്. ജനശതാബ്ദി, വേണാട് എക്സ്പ്രസ്സുകൾ റദ്ദാക്കാനുള്ള തീരുമാനം റെയിൽവെ പുന:പരിശോധിക്കണം ഒപ്പം കൂടുതൽ ട്രെയ്നുകൾ ഓടിക്കാനും റെയിൽവെ തയ്യാറാകണമെന്ന് മന്ത്രിക്കയച്ച കത്തിൽ ബിനോയ്വിശ്വം ആവശ്യപ്പെട്ടു.