ഓയിൽ കമ്പനിക്കുളളിൽ സമരത്തിനായി സിഐടിയു കെട്ടിയ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ അനിൽകുമാർ ഉന്നത ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു. 

കൊച്ചി : വൈപ്പിനിലെ വനിതാ ഗ്യാസ് ഏജൻസിയിലെ കൊലവിളി കേസിൽ പ്രതിയായ സിഐടിയു നേതാവ് ഓയിൽ കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വൈപ്പിനിൽ വനിതാ ഗ്യാസ് ഏ‍ജൻസി ഉടമ, ഉമ സുധീ‍റിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അനിൽ കുമാർ, കൊച്ചി ഹിന്ദുസ്ഥാൻ പെട്രോളിയം ജനറൽ മാനേജറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഓയിൽ കമ്പനിക്കുളളിൽ സമരത്തിനായി സിഐടിയു കെട്ടിയ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ അനിൽകുമാർ ഉന്നത ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു. 

വൈപ്പിനിൽ വനിതാ ഗ്യാസ് ഏ‍ജൻസി ഉടമയെ ഇയാൾ അടക്കമുള്ള സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വനിതാ ഗ്യാസ് ഏ‍ജൻസി ഉടമ ഉമ സുധീ‍റിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി ചേർത്തിട്ടും അനിൽകുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെയും തയാറായിട്ടില്ല. താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് വൈപ്പിനിൽ ഭീഷണിയിലേക്കും അസഭ്യ വർഷത്തിലേക്കും നയിച്ചത്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞായിരുന്നു സിഐടിയുവിന്റെ നേതാവ് അനിൽ കുമാർ വനിതാ ഉടമയെ ഭീഷണിപ്പെടുത്തിയത്. 

വനിത ഗ്യാസ് ഏജൻസി ഉടമക്കെതിരായ സിഐടിയു ഭീഷണി; റിപ്പോ‍ർട്ട് തേടി വ്യവസായ മന്ത്രി

വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. ഭീഷണി മുഴക്കിയ സിഐടിയു നേതാവ് അനിൽകുമാറിനെ അറസ്റ്റ് ചെയ്യണം. അറസ്റ്റ് വൈകുന്നതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനമാണെന്നത് വ്യക്തമാണ്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ഉണ്ടാവുന്നില്ല. കേസിൽ ഇതുവരെയും കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായില്ലെന്നും ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഈ ആഴ്ച്ചയും നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് കടക്കാനാണ് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കോർഡിനേഷൻ തീരുമാനം.

'ഞങ്ങളുടെ സർക്കാരാണ് ഭരിക്കുന്നത്, കൊല്ലാൻ മടിയില്ല'; വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് സിഐടിയു ഭീഷണി