കാസർകോട് - പെർള അതിർത്തി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പാസില്ലാതെയും പെർമിറ്റ് ഇല്ലാതെയും അമിതഭാരം കയറ്റി വന്ന ലോറികളിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു.

കാസര്‍കോട്: കാസർകോട് - പെര്‍ള അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പാസില്ലാതെയും പെർമിറ്റ് ഇല്ലാതെയും അമിതഭാരം കയറ്റി വന്ന ലോറികള്‍കളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു. കേരള - കര്‍ണ്ണാടക അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെര്‍ള ചെക്ക് പോസ്റ്റ് വഴി കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് അമിത ഭാരം കയറ്റി ലോറികളില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ പാസും പെർമിറ്റുമില്ലാതെ കടത്തിക്കൊണ്ട് വരുന്നതായും ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയ ശേഷം വാഹനത്തിലെ ലോഡിന്‍റെ ഭാരവും രേഖകളും പരിശോധിക്കാതെ വാഹനം ചെക്ക് പോസ്റ്റ് വഴി കടത്തിവിടുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ അമിതഭാരം കയറ്റിയിട്ടുണ്ടോയെന്നും രേഖകള്‍ കൃത്യമാണോയെന്നും പരിശോധന നടത്താതെ അതിര്‍ത്തി കടത്തി വിടുന്നത് മൂലം സംസ്ഥാന സര്‍ക്കാരിന് ടാക്‌സ്, പിഴ എന്നീ ഇനങ്ങളില്‍ ലഭിക്കേണ്ട തുകയില്‍ വന്‍ നഷ്ടം സംഭവിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെര്‍ള അതിര്‍ത്തി ചെക്ക് പോസ്റ്റിൽ ഇന്നലെ വിജിലന്‍സ് ഒരു മിന്നല്‍ പരിശോധന നടത്തിയത്.

പെര്‍ള ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനക്കായി എത്തിയ സമയം ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആരും ജോലിയില്‍ ഹാജരായിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അമിത ഭാരം കയറ്റി ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ കടന്ന് പോയ രണ്ട് ലോറികള്‍ പിടിച്ചെടുക്കുകയും മോട്ടോര്‍ വാഹന വകുപ്പ് മുഖേനെ 51,500/- രൂപയും, ജിയോളജി വകുപ്പ് മുഖേന 54,320/- രൂപയും, ജി.എസ്.ടി വകുപ്പ് മുഖേനെ 6973/- രൂപയും ഉള്‍പ്പടെ ആകെ 1,12,793/- രൂപ പിഴ അടപ്പിക്കുകയും ചെയ്തു.

രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച മിന്നല്‍ പരിശോധന വൈകുന്നേരം 05.20 ന് അവസാനിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അഭ്യര്‍ത്ഥിച്ചു.