കൊച്ചി: വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാനായി ഹൈക്കോടതിയിൽ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യാജരേഖ നല്‍കിയ സംഭവത്തില്‍ സമഗ്ര പരിശോധനയ്ക്ക് വിജിലൻസ്. 300 കേസുകളിൽ പുനഃപരിശോധന തുടങ്ങി. അഞ്ച് വർഷത്തിനിടെ ഹൈക്കോടതി റദ്ദാക്കിയ കേസുകളാണ് അന്വേഷിക്കുന്നത്. ഇതിനായി കേസിന്‍റെ വിശദാംശങ്ങള്‍ കോടതിയിൽ നിന്ന് ശേഖരിച്ചു തുടങ്ങി. കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ട്‌ അനുകൂലമായതിനെ തുടർന്നാണ് ഹൈക്കോടതി കേസുകൾ റദ്ദാക്കിയത്. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിലെ റിപ്പോർട്ട്‌ വിജിലൻസ് പ്രത്യേകം പരിശോധിക്കും. മുൻ സയന്റിഫിക് ഓഫീസർ ജയപ്രകാശിന്റെ കാലത്ത് നൽകിയ റിപ്പോർട്ടാണ് പരിശോധിക്കുക. 

തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദാന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വ്യാജ ഫോറൻസിക് റിപ്പോർട്ട് വിശ്വസിച്ച് വിഷക്കള്ള് കേസിലെ മൂന്ന് പ്രതികളെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. 2014 ൽ ആണ് കടുത്തുരുത്തി പോലീസ് വ്യാജ കള്ള് വിതരണം ചെയ്തതിന് വൈക്കം സ്വദേശികളായ മൂന്ന് ഷാപ്പ് കോൺട്രാക്ർമാർക്കെതിരെ കേസ് എടുത്തത്. കള്ളിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിലേയ്ക്ക് അയച്ചു. കള്ളിൽ ആരോഗ്യത്തിന് ഹാനികരമായതൊന്നും കണ്ടെത്താൻ ആയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട് . അസി. കെമിക്കൽ എസ്കാമിനറുടെ ഒപ്പുമുണ്ട്. പകർപ്പ് വൈക്കം ജുഡീഷ്യൻ മജിസ്ടേറ്റിനും അയച്ചു. 

ഇതോടെ വൈക്കം സ്വദേശികളും ഷാപ്പ് ഉടമകളുമായ രാജേഷ് ഗോപാൽ, ജയിംസ് സി.ടി, പ്രമീള ഷൈൻ എന്നിവർക്കെതിരായ കടുത്തുരുത്തി പൊലീസിന്‍റെ  നടപടികൾ നിലച്ചു. പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഹിതമാണ് കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത്  2018 നവംബര്‍ 14ന് കേസ് കോടതി റദ്ദാക്കി. എന്നാൽ എക്സൈസ്ഡ് ഡെപ്യൂട്ടി കമ്മീഷണർ കടുത്തിരുത്തി പൊലീസിന് അയച്ച ഒരു കത്താണ് കേസിൽ നിർണ്ണായകമായത്. 

എക്സൈസ് കമ്മീഷണർക്ക് ലഭിച്ച ലാബ് റിപ്പോർട്ട് പ്രകാരം കള്ളിൽ മാരക വിഷാംശമുണ്ടെന്നായിരുന്നു. മെഥനോൾ, ഫോർമാൽഡിഹൈഡ് എന്നിവയിടെ സാന്നിധ്യം കള്ളിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ റിപ്പോർട്ടിൽ വ്യക്തത തേടി  ചീഫ് കെമിക്കൽ എക്സാമിനറുടെയും സർക്കാറിന്‍റെയും സഹായം  പൊലീസ്  തേടുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ്  നടത്തിയ അന്വേഷണത്തിലാണ് ഫോറൻസിക് ലാബിലെ സയിന്റിഫിക് ഓഫീസർ, ജയപ്രകാശ്, യുഡി ടൈപ്പിസ്റ്റ്  മൻസൂർ ഷാ എന്നിവര്‍ അസി. കെമിക്കൽ എക്സാമിനറുടെ കള്ള ഒപ്പിട്ട് റിപ്പോർട്ട് തിരുത്തിയെന്ന്  കണ്ടെത്തിയത്. കേസിൽ ജയപ്രകാശ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ  സമീപിച്ചപ്പോഴാണ് ഹര്‍ജി തള്ളിക്കൊണ്ട് വിശദാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.