Asianet News MalayalamAsianet News Malayalam

റിസർവേഷൻ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാൻ ശ്രമം; കെഎസ്ആർടിസി കണ്ടക്ടറുടെ അടവ് കയ്യോടെ പൊക്കി വിജിലൻസ്

ബംഗളൂരു- തിരുവനന്തപുരം ബസിൽ 5 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് സംഭവം നടന്നത്.  

Vigilance  found 5 people traveled without ticket in KSRTC Scania Bus
Author
First Published Apr 23, 2024, 3:53 PM IST

വയനാട്: കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ ടിക്കറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ ഡ്രൈവർ കം കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ. ഇന്നലെ ഉച്ചക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് അഞ്ച് പേർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത്. കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗം വയനാട് സ്ക്വാഡ്, നഞ്ചൻഗോഡ് വെച്ച്  ബസിൽ പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള 2 യാത്രക്കാരും കൽപ്പറ്റയ്ക്കുള്ള 3 പേരും ടിക്കറ്റെടുത്തിട്ടില്ല എന്ന് പരിശോധനയിൽ വ്യക്തമായി.

പണം ഇറങ്ങുമ്പോൾ നൽകിയാല്‍ മതിയെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാർ വിജിലൻസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. അഞ്ച് പേരുടെ ആകെ ടിക്കറ്റ് തുക 3733 രൂപയായിരുന്നു. ഇതോടെ  ഡ്രൈവർ കം കണ്ടക്ടറെ ഉടൻ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ബസ് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിനിടെ ഒരു യാത്രക്കാരൻ വിജിലൻസ് ഓഫീസറെ വിളിച്ച് ബസിൽ ടിക്കറ്റ് നൽകിയില്ലെന്ന് പരാതി പറഞ്ഞു. ഇതിനെ തുടർന്നാണ് മടക്കയാത്രക്കിടെ പരിശോധന നടത്താൻ വയനാട് സ്ക്വാഡിന് വിജിലൻസ് ഓഫീസർ നിർദ്ദേശം നൽകിയത്. യാത്രക്കാര്‍ ഇറങ്ങുന്ന സമയത്ത് ടിക്കറ്റ് നല്‍കാതെ പണം മുക്കാനായിരുന്നു കണ്ടക്ടറുടെ ശ്രമം എന്നാണ് വിജിലൻസ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios