Asianet News MalayalamAsianet News Malayalam

ബാര്‍ കോഴക്കേസ്: രമേശ് ചെന്നിത്തലക്ക് എതിരെ വിജിലൻസ് അന്വേഷണം

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് രമേശ് ചെന്നിത്തലക്കും കെഎം ഷാജി എംഎൽഎക്കുമെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്. 

vigilance inquiry against ramesh chennithala bar case
Author
Trivandrum, First Published Dec 1, 2020, 6:04 PM IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ വിജിലൻസ് അന്വേഷണം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് രമേശ് ചെന്നിത്തലക്കും കെഎം ഷാജി എംഎൽഎക്കുമെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്. യുഡിഎഫ് ഭരണകാലത്ത് ഇന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലക്ക് കോഴ നൽകിയിരുന്നു എന്ന ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു, ഇതനുസരിച്ച് ചെന്നിത്തലക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിലാണ് സ്പീക്കറുടെ തീരുമാനം.

മുഖ്യമന്ത്രിയുടെ നിർദേശത്തിന് അനുസരിച്ച് തുള്ളുന്ന വെറും പാവയാണ് സ്പീക്കറെന്നായിരുന്നു ഇതിനോട് ചെന്നിത്തലയുടെ പ്രതികരണം. വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നത് വ്യക്തമാണ്. ഈ നടപടി പ്രതീക്ഷിച്ചതാണെന്നും, ഇനിയും നേതാക്കൾക്ക് നേരെ പ്രതികാരനടപടി പ്രതീക്ഷിക്കുന്നുണ്ടെന്നും ചെന്നിത്തല പറയുന്നു. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

ബാറുകളുടെ ലൈസൻസ് ഫീസ് കുറക്കാൻ ചെന്നിത്തലയ്ക്കും കോഴ കൊടുത്തെന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. കോഴ വാങ്ങുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാതിരുന്നതിനാൽ ഗവര്‍ണറുടെ അനുമതി ആവശ്യം ഇല്ലെന്നും സ്പീക്കര്‍ അനുമതി നൽകിയാൽ മതിയെന്നും ആഭ്യന്തര വകുപ്പിന് നിയമോപദേശം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് നടപടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ചെന്നിത്തലക്ക് എതിരെ കേസ് അന്വേഷിക്കാനായിരിക്കും വിജിലൻസ് നീക്കമെന്നാണ് വിവരം . പ്രതിപക്ഷ എംഎൽഎ കെഎം ഷാജിക്കെതിരെയും വിജിലൻസ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നൽകിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആണ് അന്വേഷണം നടക്കുക. 

Follow Us:
Download App:
  • android
  • ios