വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസിന്‍റെ പരിശോധന ഇന്നും നടക്കും. കഴി‍ഞ്ഞ ദിവസം നടന്ന പരിശോധന പൂർത്തിയാവാത്തതിനെത്തുടർന്നാണ് തീരുമാനം. കൂടുതൽ യന്ത്രങ്ങൾ എത്തിച്ചാകും പരിശോധന. ഒന്നിടവിട്ട തൂണുകളിൽ ബലം പരിശോധിക്കാനുള്ള ഹമ്മര്‍ ടെസ്റ്റ്, കോണ്ക്രീറ്റ് സാമ്പിളുകൾ ശേഖരിച്ച് കോർ ടെസ്റ്റ് എന്നിവ നടത്തുകയാണ് ലക്ഷ്യം. ഇതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കുക.

ക്വാളിറ്റി കണ്ട്രോൾ വിഭാഗം മേധാവി എം സുമയുടെ നേതൃത്വത്തിൽ തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധർ, പിഡബ്ല്യുഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ, ലൈഫ് മിഷൻ പദ്ധതി എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്.

 കഴി‍ഞ്ഞ ദിവസം നടത്തിയ പരിശോധന പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാക്കാനായിരുന്നില്ല. ഇനിയും സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. അതിനാലാണ് ഇന്ന് വീണ്ടും സംഘമെത്തുന്നത്.

യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസൻറ് അനുവദിച്ച 20 കോടി രൂപ ചിലവിട്ടാണ് 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. പദ്ധതിയുടെ പേരിൽ 4.48 കോടിരൂപ കൈക്കൂലി നൽകിയെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷൻ നൽകിയതെന്ന നിഗമനത്തിലാണ് പരിശോധന നടത്തുന്നത്.