തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുൻ മന്ത്രി വി എസ് ശിവകുമാറിന്‍റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കർ വിജിലൻസ് പരിശോധിച്ചു. പക്ഷെ ലോക്കറിൽ നിക്ഷേപമൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. ലോക്കറിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കുന്നതാണ് ഇതെന്നും ശിവകുമാര്‍ പ്രതികരിച്ചു. താക്കോൽ മനപൂർവ്വമായി നൽകിയില്ലെന്നത് വ്യാജ പ്രചാരണമാണെന്നും വീട് പരിശോധനയിൽ കണ്ടെത്തിയത് വീടുമായി ബന്ധപ്പെട്ട രേഖകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവകുമാറിന്‍റെ വീട്ടിലെ പരിശോധനയിൽ ലോക്കറിന്‍റെ താക്കോൽ ആവശ്യപ്പെട്ടുവെങ്കിലും നൽകിയിരുന്നില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. താക്കോൽ നഷ്ടമായെന്നായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് ബാങ്കിന് നോട്ടീസ് നൽകി വിജിലൻസ് പരിശോധന നടത്തിയത്.

ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയ ശേഷമായിരുന്നു നോട്ടീസ് നല്‍കിയത്. അന്വേഷണ സംഘത്തിൽ ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയിരുന്നു. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കുകയാണ് വിജിലന്‍സ്. ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

വിഎസ് ശിവകുമാറിന്‍റെ കൂട്ടുപ്രതിക്ക് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്