മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം. കെ ജയന്ത് എംഎൽഎ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാരാണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത റോഡിൽ ഇപ്പോഴും പണി തീർന്നിട്ടില്ല.

കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കരാർ വ്യവസ്ഥകൾ അട്ടിമറിച്ചെന്നും അഴിമതി നടന്നെന്നും കാണിച്ച് കെ ജയന്ത് എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത റോഡിൽ ഇപ്പോഴും പണികൾ പോലും പൂർത്തിയായിട്ടില്ല. റോഡ് നിർമ്മാണത്തിലെ അപാകതകൾ വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് നിർമ്മാണത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നത്. മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെ 24 മീറ്റര്‍ വീതിയില്‍ 8.4 കിലോമീറ്ററിലാണ് നാലുവരിപ്പാത. ഇരുവശത്തുമായി രണ്ട് മീറ്റർ വീതിയിൽ നടപ്പാതയും ഓവുചാലും യൂട്ടിലിറ്റി ഡെക്റ്റും പദ്ധതിയുടെ ഭാഗമാണ്. 250 മീറ്റർ ഇടവിട്ട് ക്രോസ് ഡക്ടുകളുമുണ്ട്. ഏഴ് സിഗ്നലുകളും 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 350 തെരുവു വിളക്കുകളും പദ്ധതിയിലുണ്ട്. നടപ്പാതയ്ക്ക് പുറത്ത് അരമീറ്റർ വീതിയിൽ മണ്ണിട്ട് ബലപ്പെടുത്തിയ ഇടത്ത് വൈദ്യുതി പോസ്റ്റുകളും ജംഗ്ഷനുകളിൽ കൾവേർട്ടും പദ്ധതിയിൽ ഉൾപ്പെടുന്നു.

ഡിപിആറിലുണ്ട്, പക്ഷേ റോഡിലില്ല!

എന്നാൽ ഡിപിആറിലുള്ള ഇവയിൽ പലതും റോഡിൽ കാണാനില്ല. നിർമ്മിച്ച റോഡാകട്ടെ പലതട്ടിലും. ഇതോടെ നിർമ്മാണത്തിലെ അപാകത മാത്രമല്ല, പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവും ഉയർന്നു. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ ദൂരത്തിന് 77 കോടി രൂപയാണ് നിർമ്മാണ ചിലവ്. ഒരു കിലോമീറ്ററിന് ചിലവ് 14.5 കോടി രൂപ.

സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയതിലും കരാർ വ്യവസ്ഥകൾ അട്ടിമറിച്ചതിലുമാണ് വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നത്. ഒരു മുൻ പരിചയവുമില്ലാത്ത കമ്പനിക്കാണ് നിർമ്മാണ കരാർ‌ ലഭിച്ചത്. ഇതിന് പിന്നിലും അഴിമതി ആരോപണം ഉയർന്നിരുന്നു. 40 ശതമാനം പോലും പണി പൂർത്തിയാകാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തുറന്ന റോഡിൽ ഇപ്പോഴും പണി പൂർത്തിയായിട്ടില്ല.