ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം. അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല. കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കുരുക്കാൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി. 20 വർഷം മുമ്പ് പി ഡബ്ല്യു ഡി സെക്രട്ടറിയായിരിക്കെ കെ എസ് ടി പി കരാറിലുണ്ടായ അഴിമതിയിലും കരാർ ലഭിച്ച മലേഷ്യൻ കമ്പനിയുടെ ചീഫ് എഞ്ചിനീയറുടെ ആത്മഹത്യയിലുമാണ് പുനരന്വേഷണം. തെരഞ്ഞെടുപ്പ് അട്ടിമറിയിൽ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമ്പോഴാണ് കേരളത്തിൽ അന്വേഷണം.

ഹൈക്കമാൻ്റുമായുള്ള ആലോചനക്ക് ശേഷമാണ് ഗ്യാനേഷ് കുമാറിനെതിരെ രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെപിസിസി നിർവ്വാഹകസമിതി അംഗം മലയൻകീഴ് വേണുഗോപാൽ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലാണ് രണ്ട് പതിറ്റാണ്ടു മുമ്പുള്ള ഫയലുകൾ വീണ്ടും തുറക്കുന്നത്. 2006ൽ കേരളം വലിയ രീതിയിൽ ചർച്ച ചെയ്തതാണ് മലേഷ്യൻ കമ്പനി പതിബെൽ ഉൾപ്പെട്ട കെ എസ് ടി പി അഴിമതി ആരോപണം.

ലോകബാങ്ക് സഹായത്തോടെ എംസി റോഡിലെ 127 കിലോമീറ്റർ നിർമ്മാണം 215 കോടിക്കുള്ള കരാ‌ർ ആയിരുന്നു പതിബെൽ കൺസോർഷ്യത്തിന് ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാറിന് വീഴ്ച വന്നു. പിന്നാലെ കമ്പനിയുടെ 17 കോടിയുടെ ബില്ലുകൾ തടഞ്ഞു. പിഡബ്ള്യുഡി സെക്രട്ടറി ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം. സമ്മർദ്ദം താങ്ങാനാകാതെയാണ് പതിബെൽ ചിഫ് എഞ്ചിനിയറായിരുന്ന ലീ സി ബിൻ ആത്മഹത്യ ചെയ്തത്. മലേഷ്യയിലെ സുബാങ് ജയ പാർക്കിലെ തടാകത്തിന് സമീപത്തെ ഇരുമ്പ് പാലത്തിലായിരുന്നു തൂങ്ങിമരണം. കമ്പനി മേധാവി റോസ് ലീക്കും ഭാര്യക്കും രണ്ട് ആത്മഹത്യാകുറിപ്പുകൾ ബിൻ എഴുതിയിരുന്നു. രണ്ടിലും ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നതായി അന്നേ വിവരമുണ്ടായിരുന്നു. ഇടത് സർക്കാറിൻ്റെ കാലത്താണ് ബിൽ തടഞ്ഞുവെക്കുന്നതും ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം നടന്നതും. കാര്യമായൊന്നും കണ്ടെത്താതെ അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം വീണ്ടും നടത്താനാണ് സർക്കാർ തീരുമാനം.

നിയമോപദേശം കൂടി പരിശോധിച്ചാണ് വീണ്ടും അന്വേഷണം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പ്രത്യേക സംരക്ഷണമുള്ള പദവിയിലെത്തും മുമ്പുള്ള കേസിലാണ് അന്വേഷണം. അതുകൊണ്ട് അന്വേഷണത്തിന് തടസ്സമില്ലെന്നാണ് സർക്കാറിനുള്ള ഉപദേശം. വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാകും ചുമതല. അന്വേഷണത്തിൻ്റെ ഓരോ നീക്കങ്ങൾക്കും ദേശീയതലത്തിലടക്കം പ്രാധാന്യമുണ്ടാകും.

YouTube video player