Asianet News MalayalamAsianet News Malayalam

പാലാരിവട്ടത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിലും വീഴ്ച; ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ്

വൈറ്റില മേൽപ്പാലം നിർമ്മാണത്തിന്‍റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് പൊതുമരാമത്തു വകുപ്പ് ജില്ല വിജിലൻസ് ഓഫീസർ പരിശോധന നടത്തിയത്

vigilance report on vytila bridge construction
Author
Vyttila, First Published Jul 28, 2019, 7:55 AM IST

കൊച്ചി: പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പ് പ്രതിരോധത്തിലാക്കുന്നു. നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.  

അതേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍റെ ഓഫീസ് അറിയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതില്‍ മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചതായാണ് വിവരം. 

വൈറ്റില മേൽപ്പാലം നിർമ്മാണത്തിന്‍റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് പൊതുമരാമത്തു വകുപ്പ് ജില്ല വിജിലൻസ് ഓഫീസർ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കോൺക്രീറ്റ് നടക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് കണ്ടെത്തിയത്. കോൺക്രീറ്റ് മിക്സിംഗിലെ മാറ്റങ്ങൾ അംഗീകരിക്കേണ്ടത് ഇദ്ദേഹമാണ്. കരാറുകാർ കോൺക്രീറ്റ് തയ്യാറാക്കുന്നത് പരിചയ സമ്പന്നരായ സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ മാസം പതിമൂന്നിന് പണിത ഗർഡർ, പതിനാലിന് സ്ഥാപിച്ച ഡെക്ക് സ്ലാബ് എന്നിവക്ക് ഉപയോഗിച്ച കോൺക്രീറ്റിൻറെ ഗുണനിലവാരം സംബന്ധിച്ച പരിശോധന ഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ മാസം രണ്ടാം തീയതി ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലും പരിചയ സമ്പന്നരായ സൂപ്പർ വൈസർമാരെ കരാറുകാരൻ നിയമിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ജില്ലാ വിജിലൻസ് ഓഫീസർ ഡെപ്യൂട്ടി ചീഫ് വിജിലൻസ് ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പ്ലാൻറിൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബുമില്ല. 

എക്സിക്യൂട്ടീവ് എൻജിനീയറുടെ അസാന്നിധ്യം പണികളെ ബാധിക്കുമെന്ന് മേലുദ്യാഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥർ കൃത്യ നിർവഹണത്തിൽ വരുത്തിയ വീഴ്ചയാണ് ഗുണനിലവാരം കുറയാൻ കാരണമെന്നാണ് വിജിലൻസ് വിഭാഗത്തിന്‍റെ നിഗമനം. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം വന്നതിനു ശേഷം കൂടുതൽ നടപടികൾ ഉണ്ടായേക്കും. 

അതേസമയം തകരാ‌ർ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും കിട്ടിയിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ക്വാളിറ്റി കൺട്രോൾ വിഭാഗം എ.ഇ. അന്തിമ വിശകലം നടത്തുന്നതിനു മുന്പ് വിവരങ്ങൾ കത്തിലൂടെ പുറത്തുള്ളവർക്ക് നൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു

Follow Us:
Download App:
  • android
  • ios