തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞിനേയും മുന്‍ റോഡ്‍സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയും നിലവിലെ കെഎംആര്‍എല്‍ എംഡിയുമായ മുഹമ്മദ് ഹനീഷ് ഐഎഎസിനേയും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. 

പാലം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരേയും വിജിലന്‍സ് സംഘം ഒരു തവണ ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് അറിഞ്ഞ ശേഷം ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണസംഘത്തിന്‍റെ യോഗത്തിലുണ്ടായ ധാരണ. ഇരുവരേയും കൂടാതെ സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം. 

ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങാം എന്ന നിലപാടിലാണ് വിജിലന്‍സ് ഇപ്പോള്‍ ഉള്ളത്.  ഇബ്രാഹിംകുഞ്ഞിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കടക്കൂ. അതിനു മുന്നോടിയായി വിശദമായ നിയമോപദേശം തേടാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. 

പാലാരിവട്ടം അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാവും എന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെ ഇബ്രാഹിംകുഞ്ഞ് ഒളിവില്‍ പോയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചാടിക്കയറിയുള്ള അറസ്റ്റിലേക്ക് കടക്കേണ്ടതില്ല എന്ന നയത്തിലാണ് വിജിലന്‍സ് ഇപ്പോള്‍.

നിലവില്‍ വിജിലന്‍സ് കസ്റ്റഡിയിലുള്ള മുന്‍ പൊതുമരാമത്ത് മന്ത്രി ടിഒ സൂരജിനെ ഇന്നും ക്യാംപ് ഓഫീസിലെത്തിച്ച് വിജിലന്‍സ് ചോദ്യം ചെയ്തു. പാലാരിവട്ടം കേസില്‍ തന്നേക്കാള്‍ ഉത്തരവാദിത്തമുള്ളതും ഇടപെടലുകള്‍ നടത്തിയതും മന്ത്രിയും മുഹമ്മദ് ഹനീഷുമാണെന്ന് ഇന്ന് മാധ്യമങ്ങളോട് സംസാരിച്ച സൂരജ് ആരോപിച്ചു.