തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ യുണിടാക് എം ‍ഡി സന്തോഷ് ഈപ്പന്റെ മൊഴി വിജിലൻസ് വീണ്ടും രേഖപ്പെടുത്തും. വിജിലൻസിൽ നിന്ന്  സന്തോഷ് ഈപ്പൻ വസ്തുതകൾ മറച്ചുവച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കണ്ട കാര്യം സന്തോഷ് ഈപ്പൻ വിജിലൻസിൽ നിന്ന് മറച്ചുവെച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം ഓഗസ്റ്റ് 2 ന് സ്വപ്നയുടെ നിർദ്ദേശപ്രകാരം ശിവശങ്കറിനെ കണ്ടിരുന്നെന്നാണ് സന്തോഷ് ഈപ്പൻ  ഇ ഡി ക്കു നൽകിയ മൊഴി. ഇക്കാര്യം പക്ഷേ വിജിലൻസിൽ നിന്നും മറച്ചു വച്ചു. ഈ ദിവസമാണ് കമ്മീഷൻ കൈമാറിയതെന്നാണ് സന്തോഷ് ഈപ്പൻ്റെ മൊഴി.

അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സ്വർണകടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെ വിജിലൻസ് ഇന്നലെ ചോദ്യം ചെയ്തു. ഫ്ലാറ്റ് നിർമ്മാണത്തിൻറെ കരാർ ലഭിച്ച യുണിടാക്കിലെ ജീവനക്കാരനായിരുന്നു യദു. 

സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാനാൻ സഹായിച്ചത് യദുവാണെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. മാത്രമല്ല കരാർ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നൽകിയിയെന്നും മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. സന്ദീപിന് ലഭിച്ച കമ്മീഷനിൽ നിന്നും തനിക്കുള്ള വിഹിതം നൽകിയില്ലെന്നാണ് യദുവിൻറെ മൊഴിയെന്നാണ് സൂചന. 

പക്ഷേ കരാ‍ർ ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് യദുവും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് വിവരം. വടക്കാ‌‌ഞ്ചേരിയിൽ നിർമ്മാണം നടക്കുന്ന ഫ്ലാറ്റ് അന്വേഷണ സംഘം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.