Asianet News MalayalamAsianet News Malayalam

എ.കെ.ശശീന്ദ്രൻ വിവാദം: പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വിജയരാഘവൻ

അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ അം​ഗീകരിക്കില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. 

Vijayaraghavan responding to Telephone call controversy
Author
Thrissur, First Published Jul 20, 2021, 5:14 PM IST

തൃശ്ശൂർ: പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിക്കാതെ സിപിഎം ആക്ടിംഗ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാ​ഘവൻ. മന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെ വാർത്ത കണ്ടുള്ള അറിവ് മാത്രമേയുള്ളൂവെന്നും വിജയരാ​​ഘവൻ തൃശ്ശൂരിൽ പ്രതികരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും എ.വിജയരാഘവൻ പറഞ്ഞു.

അതേസമയം കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടി ശക്തമായ നടപടിയെടുക്കുമെന്ന് വിജയരാഘവൻ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവും. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ അം​ഗീകരിക്കില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് എസ്.പി ഉത്തരവ് ഇറക്കിയിട്ടുണ്ട്. നിലവിൽ ഇരിങ്ങാലക്കുട പൊലീസാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെ തന്നെ സിപിഎമ്മിനെ അറിയാമായിരുന്നുവെന്ന വിവരം ഇന്നു പുറത്തു വന്നിരുന്നു. ഇടപാടുകാരിൽ നിന്നും പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് മുൻ ആലത്തൂർ എംപി പികെ ബിജുവടക്കം രണ്ടം​ഗ കമ്മീഷനെ പാർട്ടി അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ഭരണസമിതിക്കും ബാങ്ക് ജീവനക്കാർക്കുമെതിരെ അന്വേഷണത്തിന് പാർട്ടി കമ്മീഷൻ ശുപാർശ നൽകുകയും ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios