Asianet News MalayalamAsianet News Malayalam

ബിജെപിയുടെ വിജയയാത്ര നാളെ കാസര്‍കോട്ട് തുടങ്ങും, യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും, സമാപനത്തിന് അമിത് ഷാ

ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ ഉദ്ഘാടന പരിപാടിയിൽ എത്തുമെന്നും കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകർ അറിയിച്ചു

vijayyathra begins on sunday
Author
Kasaragod, First Published Feb 20, 2021, 4:00 PM IST

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസർകോട് നിന്ന് തുടക്കം. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. മാർച്ച് 6-ന് തിരുവന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരിൽ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി.മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ ഉദ്ഘാടന പരിപാടിയിൽ എത്തുമെന്നും കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകർ അറിയിച്ചു. മെട്രോമാൻ ഇ.ശ്രീധരനപ്പോലെ കൂടുതൽ പ്രമുഖർ വിജയയാത്ര അവസാനിക്കുമ്പോഴേക്കും പാർട്ടിയിലെത്തുമെന്ന് കെ.സുരേന്ദ്രൻ പറയുന്നു.

എൻഡിഎ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. രാവിലെ കാസർകോട്ടെ ക്ഷേത്രങ്ങൾ സന്ദർശിച്ച സംസ്ഥാന അധ്യക്ഷൻ ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios