കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ വിനായകനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. അൽപസമയം മുൻപ് കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.  

പൊലീസ് വിളിച്ചു വരുത്താതെ, വിനായകൻ സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. യാദൃശ്ചികമായി പരാതിക്കാരിയായ യുവതിയും വിനായകനും ഒരേ സമയത്താണ് സ്റ്റേഷനിലെത്തിയത്.

അഭിഭാഷകനൊപ്പമാണ് വിനായകൻ കൽപ്പറ്റ സ്റ്റേഷനിലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന്  പൊലീസ് വിനായകന് നിർദേശം നൽകി. യുവതിയോടല്ല ആദ്യം ഫോണിൽ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകൻ പൊലീസിന് മൊഴി നൽകി.

യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോർഡ് പൊലീസിന് മുന്നിൽ യുവതി ഹാജരാക്കിയിരുന്നു. 

കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക  ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.  ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ തന്നോട്  സംസാരിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിന്‍റെ ഫോൺ രേഖകളും തെളിവായി അന്വേഷണ സംഘത്തിന് യുവതി നല്‍കി. ഫോൺ സംഭാഷണത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ സൈബർ സെല്‍ വഴി ശേഖരിക്കുന്നുണ്ട്. വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് നടൻ നേരിട്ടത്. ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് യുവതി തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കിയത്.