തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിന്റെ വാഹനങ്ങൾ സ്വർണ്ണക്കടത്തിന് ദുരുപയോഗം ചെയ്തെന്ന കെ സുരേന്ദ്രന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എ വിനുജ ആനന്ദ്. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിനുജ ആനന്ദ് പ്രതികരിച്ചു. 

സുരേന്ദ്രൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടൻ

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പിഎ നിരവധി തവണ സ്വർണ്ണം കടത്താൻ കൂട്ടുനിന്നെന്നായിരുന്നു തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രന്റെ ആരോപണം. വിമാനത്താവളത്തിലേക്കും അവിടെ നിന്നും ശിവശങ്കരന്റെ വീട്ടിലേക്കും ഒദ്യോഗിക ചിഹ്നങ്ങളുള്ള ഇവരുടെ കാർ പോയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. അതേ സമയം ആരോപണങ്ങൾ തള്ളി ഒളിമ്പ്യൻ മേഴ്സി കുട്ടനും രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടനും പ്രതികരിച്ചു.