Asianet News MalayalamAsianet News Malayalam

നിയമ​ലംഘനത്തിലെ നടപടികൾ കർശനമാക്കി, പുതിയ ​ഗതാ​ഗത സംസ്കാരം സൃഷ്ടിക്കും: ട്രാൻസ്പോർട്ട് കമ്മീഷണർ

വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. 

Violation measures have been tightened s sreejith
Author
First Published Oct 13, 2022, 12:53 PM IST

കൊച്ചി: നിയമലംഘനത്തിനെതിരെയുള്ള നടപടികൾ കർശനമാക്കി പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്. മധ്യ മേഖലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്.  എല്ലാ വാഹനങ്ങൾക്കും ബാധകം. ഇക്കഴിഞ്ഞ ദിവസം 19 കെഎസ്ആർടിസി ബസ്സുകൾക്ക് എതിരെ നടപടിയെടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300  രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ​ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി.

വ്യാപക പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർവാഹന വകുപ്പ്

വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച് കെ എസ് ആർ ടി സി പെട്ടെന്ന് ബ്രേക്കിട്ടു എന്ന കാര്യം അപ്രസക്തമാണ്. ഇതേക്കുറിച്ച് കൂടുതൽ പരിശോധനയുടെ ആവശ്യമില്ല. 10 മണി കഴിഞ്ഞ് കെഎസ്ആർടിസി ബസ് എവിടെ വേണമെങ്കിലും നിർത്താം. അക്കാര്യത്തെക്കുറിച്ച് കൂടി ബോധ്യമുള്ളവനാകണം പുറകിലെ വാഹനമോടിക്കുന്നയാൾ. കളർ കോഡ് പാലിക്കാൻ സമയം ലഭിച്ചില്ലെന്ന ബസ് ഉടമകളുടെ വാദം അ൦ഗീകരിക്കാനാകില്ല. കഴിഞ്ഞ ജൂൺ മാസം മുതൽ നിർദ്ദേശം നടപ്പാക്കിയിരുന്നു. പിഴ അടച്ച് ചിലർ നിയമല൦ഘന൦ ആവർത്തിക്കുകയാണ്. 

വേഗപ്പൂട്ടിലെ ക്രമക്കേടിൽ ക്രിമിനൽ നടപടി, വീഴ്ചയുണ്ടായാൽ ഇനി ഉദ്യോഗസ്ഥരും ഉത്തരവാദികൾ : ഗതാഗതമന്ത്രി

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.

Follow Us:
Download App:
  • android
  • ios