കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് കർശനമായി തടയുമെന്ന് എസ്.ശ്രീജിത്ത്; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ 'വിദ്യാ വാഹൻ' പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വാഹനങ്ങൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണ‌ർ എസ്.ശ്രീജിത്ത്. കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് കർശനമായി തടയും. അമ്പത് കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ ഓടിക്കരുത്. സ്പീഡ് ഗവർണർ ഉറപ്പാക്കാൻ നിർദേശം നൽകിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി 'വിദ്യാ വാഹൻ' എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കാൻ മോട്ടാർ വാഹന വകുപ്പ് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്കൂൾ ബസ് ഓടിക്കുന്നവരെയും സ്കൂളുകളുടെ മാനേജ്‍മെന്റുകളെയും ഈ നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിക്കണമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. 

സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായി വരികയാണ്. ഇതിനുപുറമേ മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്കൂൾ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. ഇത്തരത്തിൽ 10,563 ബസുകളുടെ പരിശോധന സംസ്ഥാനത്ത് ഇന്നലെ വരെ പൂർത്തിയാക്കിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇനി 10,200 ഓളം ബസുകൾ കൂടി ഇത്തരത്തിൽ നേരിൽക്കണ്ട് സുരക്ഷ പൂർണമാണെന്ന് ഉറപ്പുവരുത്തുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. സ്കൾ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങൾ മുന്നിൽ ബോ‍ർഡ് സ്ഥാപിക്കണം. ഇത്തരം വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ അനുവദിക്കില്ല. ഇതിനായി മോട്ടാർ വാഹന വകുപ്പുദ്യോഗസ്ഥ‌ പരിശോധന നടത്തുമെന്നും എസ്.ശ്രീജിത്ത് വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്‍റെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം മാത്രമേ പൊലീസ് അനുമതി നല്‍കൂ. സ്കൂള്‍ അധികൃതരുടെ സഹകരണത്തോടെ സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും ഡിജിപി പറഞ്ഞു.

കുട്ടികളെ സ്കൂളില്‍ എത്തിച്ച ശേഷം സ്വകാര്യവാഹനങ്ങള്‍ സ്കൂളിന് സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് പരിശോധിക്കാന്‍ അപ്രതീക്ഷിത വാഹന പരിശോധന നടത്താനും ഡിജിപി നിര്‍ദ്ദേച്ചിട്ടുണ്ട്. സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരങ്ങളിൽ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കും. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേകശ്രദ്ധ പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.

സൈബര്‍ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം എന്നിവയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.