യൂണിയന്‍ ഓഫീസ് തുറക്കുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷം. കോളേജ് പ്രിന്‍സിപ്പള്‍ പൂട്ടാന്‍ നിര്‍ദേശിച്ച യൂണിയന്‍ ഓഫീസാണ് എസ്എഫ്ഐ തുറക്കാന്‍ ശ്രമിച്ചത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ സംഘര്‍ഷം. ക്യാംപസിനകത്തെ യൂണിയന്‍ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ- ഫ്രറ്റേര്‍ണിറ്റി വിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

കോളേജ് യൂണിയന്‍റെ കാലാവധി കഴിഞ്ഞെന്നും ഇതിനാല്‍ യൂണിയന്‍ ഓഫീസ് അടയ്ക്കണമെന്നും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യൂണിയന്‍ ഓഫീസ് അടച്ചു പൂട്ടാന്‍ കോളേജ് പ്രിന്‍സിപ്പള്‍ ഇന്നലെ ഉത്തരവിട്ടു. പ്രിന്‍സിപ്പള്‍ പൂട്ടിച്ച യൂണിയന്‍ ഓഫീസ് ഇന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തുറന്നതാണ് പെട്ടെന്നുള്ള സംഘര്‍ഷത്തിന് കാരണം. 

കോളേജ് മാഗസിന്‍റെ ജോലി ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ മാഗസിന്‍ എഡിറ്റര്‍ക്ക് യൂണിയന്‍ ഓഫീസ് ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്ന് ഓഫീസ് തുറന്നത്. ഇതില്‍ പ്രതിഷേധിച്ച് വൈകിട്ട് മൂന്നരയോടെ ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ ജാഥയായി യൂണിയന്‍ ഓഫീസിലെത്തി.

ഓഫീസില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. പെണ്‍കുട്ടികളടക്കം നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പിന്നീട് പൊലീസ് ക്യാംപസില്‍ എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.