ഈ മാസം 16 ന് നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങൾ പിറകിൽ സഞ്ചരിച്ച ബൈക്ക് യാത്രികൻ്റെ ക്യാമറയിലാണ് പതിഞ്ഞത്.
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ പാറക്കല്ല് ഉരുണ്ടുവന്ന് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യമുണ്ടായ സംഭവത്തിന്റെ ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവാണ് ബൈക്കിന് മുകളിലേക്ക് പാറകല്ല് ഉരുണ്ട് വീണ് മരിച്ചത്. ഈ മാസം 16 ന് നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങൾ പിറകിൽ സഞ്ചരിച്ച ബൈക്ക് യാത്രികൻ്റെ ക്യാമറയിലാണ് പതിഞ്ഞത്. മലമുകളിൽ മരം ഒടിഞ്ഞ് വീണ് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിക്കുകയായിരുന്നു.
ചുരം ആറാം വളവിലേക്ക് ഉരുണ്ടു വന്ന പാറ കല്ലിനൊപ്പം മരിച്ച അഭിനവും സുഹൃത്തും താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. മലമുകളിൽ നിന്ന് 250 ഓളം മീറ്റർ ഉയരത്തിൽ നിന്ന് പതിച്ച കല്ലാണിത്. വയനാട്ടിലേക്ക് വിനോദ സഞ്ചാരത്തിനായി സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയതായിരുന്നു അഭിനവ്. സംഭവത്തിൽ വനം, പൊതുമരാമത്ത് വകുപ്പുകൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
