കൊച്ചി: വിതുര പീഡന കേസിലെ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി സുരേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട 24 കേസുകളിൽ ഒന്നിലാണ് കോടതിയുടെ കണ്ടെത്തൽ. ബലാത്സംഗം ഒഴികെയുള്ള കേസാണ് കോടതി പരിഗണിച്ചത്. പെൺകുട്ടിയെ തടങ്കലിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യൽ, വിലപ്പന നടത്തൽ, വേശ്യാലയം നടത്തി എന്നീ വകുപ്പുകളിലാണ് സുരേഷ് കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ. 

ബലാത്സംഗ പ്രേരണ കുറ്റവും ചുമത്തിയിരുന്നു എങ്കിലും ഇത് നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ശിക്ഷ നാളെ വിധിക്കും. കോട്ടയം ജില്ല അഡീഷണൽ സെ‌ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസുകളിൽ വിചാരണ തുടരുകയാണ്.  

കേസിൽ പൊലീസ് പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ പോയ സുരേഷിനെ 18 വർഷത്തിന് ശേഷം ഹൈദരാബാദിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 1995 ഒക്ടോബർ മുതൽ 1996 ജൂലൈ വരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ അവസരമൊരുക്കി എന്നതാണ് കേസ്.  2019 ഒക്ടോബര്‍ 19 മുതലാണ് കേസിൽ മൂന്നാംഘട്ട വിചാരണ ആരംഭിച്ചത്.