Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം, ആക്രമണം; ഇതുവരെ 168 കേസുകൾ, 1000ത്തോളം പ്രതികൾ, വിലാസമടക്കം പട്ടിക തയ്യാറാക്കി പൊലീസ്

തിരിച്ചറിയാൻ പറ്റുന്ന പ്രതികളുടെ പട്ടിക വിലാസം ഉൾപ്പെടെ തയ്യാറാക്കിയിട്ടുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. 

Vizhinjam Strike attack around 1000 accused identified by police
Author
First Published Dec 2, 2022, 9:00 AM IST

തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉൾപ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകൾ ഉൾപ്പെടെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാൽജിയുടെ നേതൃത്വത്തിൽ ക്രൈം കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘവുമുണ്ട്. തിരിച്ചറിയാൻ പറ്റുന്ന പ്രതികളുടെ പട്ടിക വിലാസം ഉൾപ്പെടെ ഈ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. 

പൊലീസിന്റെ ഭാ​ഗത്തുനിന്നുള്ള നടപടികളെല്ലാം പൂർത്തിയായി കഴിഞ്ഞു. ഇനി ഉന്നത തലത്തിൽ നിന്ന് അനുമതി ലഭിച്ചാൽ അറസ്റ്റുമായി മുന്നോട്ടുപോകും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ഓരോ ദിവസവും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ട്. എസ്പിമാർ, ഡിവൈഎസ്പിമാ‍ർ ഇൻസ്പെക്ടർമാർ എസ്ഐമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിലുള്ളത്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കൺട്രോൾ റൂം തുടങ്ങി. പൊലിസ് ടെൻഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. 

ഇതിനിടെ വിഴിഞ്ഞം അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.ആക്രമണത്തിൽ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം.പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടിയെടുക്കണം.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണം. സർക്കാരിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎമ്മിൽ ചർച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷവും മന്ത്രി വി.അബ്ദുറഹ്മാനെതിരെ ലത്തീൻ അതിരൂപത വൈദികൻ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും ചർച്ചയായേക്കും. സമരം തീർക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ല എന്ന വിമർശനവും ശക്തമാണ്.

Read More : വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന ആരോപണം സർക്കാർ ദൗർബല്യം-മന്ത്രി ആന്‍റണിരാജുവിന്‍റെ സഹോദരൻ എജെ വിജയൻ

Follow Us:
Download App:
  • android
  • ios