Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം:മത്സ്യത്തൊഴിലാളികളെ വികസന വിരോധികളാക്കി ചിത്രീകരിച്ചു,കോടതി വിധി കൈവച്ചത് ജന്മാവകാശത്തിൽ-സൂസപാക്യം

പദ്ധതിയെ പറ്റി ആദ്യഘട്ടത്തിൽ പൂർണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീൻ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ലെന്നും സൂസപാക്യം പറഞ്ഞു

Vizhinjam strike, Susaipakyam against the government
Author
First Published Sep 5, 2022, 12:34 PM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരിനും കോടതിക്കും എതിരെ വിമർശനവുമായി ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേലുള്ള നിക്ഷിപ്ത താത്പര്യങ്ങൾക്ക് എതിരായാണ് വിഴിഞ്ഞം സമരം എന്ന്  ഡോ.എം സൂസപാക്യം പറഞ്ഞു. വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നത് എന്ന് പറയുന്നവർ തീരദേശത്തിന്റെ പ്രത്യേകത അറിയാത്തവർ ആണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത തവളമായിരുന്നു വിഴിഞ്ഞം. അത് തകർത്തു. 

തങ്ങളെ വികസനവിരോധികളായി സർക്കാർ ചിത്രീകരിച്ചു. സ്വാധീനം ഉപയോഗിച്ചു തുറമുഖത്തിനുള്ള അനുമതി നേടിയെടുത്തു. സർക്കാർ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയെ പറ്റി ആദ്യഘട്ടത്തിൽ പൂർണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീൻ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ല, അനുമതി നൽകിയിട്ടില്ല. കേരളത്തിന്റെ മുഖച്ഛായ മാറും എന്ന് പ്രചരിപ്പിച്ചാണ് തുറമുഖ നിർമാണ ചർച്ചകൾ തുടങ്ങിയത് . ആദ്യഘട്ടത്തിൽ തങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുറമുഖ നിർമാണം കാരണം ആഴമായി മുറിവേറ്റു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കണം. 

അങ്ങേയറ്റം ആത്മസംയമനം പാലിച്ചുകൊണ്ടാണ് ഇപ്പോൾ സമരം. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല എന്നു പറയുന്നില്ല. സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയിക്കുന്നില്ല.പക്ഷെ ഉറപ്പുകൾ പാലിക്കുന്നതിൽ മെല്ലെപ്പോക്ക് ആണ്. 

കോടതി ഉത്തരവിനേയും ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം വിമർശിച്ചു. വിധിയുടെ പൊരുൾ മനസിലാകുന്നില്ല . ജന്മവകാശത്തിലാണ് കൈവച്ചതെന്നും ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കുമ്പോഴേക്കും വലിയ ദുരന്തം ഉണ്ടാകുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം കണ്ടില്ലെന്ന് നടിക്കാനാവില്ല.  പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ആണെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു.ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം സമരസമിതിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാളയം ഇമാം.

സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഉപവാസ സമരവും തുടങ്ങി. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും.

കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.
അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.


 

Follow Us:
Download App:
  • android
  • ios