നിർമാണം നിർത്തിവെച്ചു ചർച്ച എന്ന ഉപാധി വെക്കുന്നത് നല്ലതല്ല.സർക്കാറുകൾ മുൻപ് കൊടുത്ത വാഗ്ദാനം നടപ്പായില്ല എന്നതു സത്യമെന്നും ശശി തരൂര്‍ എംപി

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുമായി സർക്കാർ നടത്തുന്ന നിർണായക ചർച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തരുവനന്തപുരം എംപി ശശി തരൂര്‍ വ്യക്തമാക്കി.ചർച്ച നടക്കുന്നത് നല്ല കാര്യമാണ്. ഇക്കര്യത്തില്‍ പ്രശ്നപരിഹാരത്തിന് ചെയ്യാനാവുക സംസ്ഥാന സർക്കാരിനാണ്.ഇരു കൂട്ടരോടും സംസാരിച്ചു.എന്‍റെ അഭിപ്രായം അറിയിച്ചു .നിർമാണം നിർത്തിവെച്ചു ചർച്ച എന്ന ഉപാധി വെക്കുന്നത് നല്ലതല്ല.സർക്കാറുകൾ മുൻപ് കൊടുത്ത വാഗ്ദാനം പൂർത്തിയായില്ല എന്നതു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് തീരത്തിൻ്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല. 25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങൾ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു. 

വിഴിഞ്ഞം സമരത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ എംപി | Vizhinjam Protest | Shashi Tharoor

ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലാണ് ഇന്നത്തെ ചർച്ച. തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമാണ്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്.

അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്തെത്തി. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 

ബാരിക്കേഡുകൾ മറികടന്നു, തുറമുഖ പദ്ധതി പ്രദേശത്തേക്ക് മത്സ്യത്തൊഴിലാളികൾ; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ