കൊച്ചി: എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുമെന്ന സൂചനകളെത്തുടർന്നാണിത്. പൊളിഞ്ഞ പാലത്തിന്‍റെ പേരിൽ ആരോപണം നേരിടുന്ന മുൻ മന്ത്രിയെ പ്രചാരണത്തിനിറക്കിയാൽ തിരിച്ചടിയാകുമെന്നാണ് യുഡി എഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

തീവെട്ടി കൊള്ളയെന്ന് വിജിലൻസ് തന്നെ വ്യക്തമാക്കിയ പാലാരിവട്ടം പാലം അഴിമതിയാണ് എറണാകുളത്തെ തെരഞ്ഞെടു്പ്പ് പ്രചാണത്തിലെ വലിയ ചർച്ചകളിലൊന്നാണ്. ഇടത്പക്ഷം വിഷയം മണ്ഡലത്തിലുടനീളം പ്രചാരണായുധമാക്കുമ്പോഴാണ് അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുന്ന മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ അസാന്നിധ്യവും ചർച്ചയാകുന്നത്. കളമശ്ശേരി മണ്ഡലം എംഎൽഎ കൂടിയായ ഇബ്രാഹിം കുഞ്ഞിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഏത് അന്വേഷണം നേരിടാനും യുഡിഎഫ് തയ്യാറാണെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

ഇത് സംബന്ധിച്ച് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞിലിക്കുട്ടി എല്ലായിടത്തും പാലം, പാലം എന്ന് പരാമര്‍ശിക്കേണ്ടതില്ലെന്നാണ് പ്രതികരിച്ചത്.

അതേ സമയം യുഡിഎഫിന്‍റെ ഗൃഹ സമ്പർക്ക പരിപാടികൾ പുരോഗമിക്കുകയാണ്. അഖിലേന്ത്യാ നേതാക്കൾ വരെ ഇതിനായി എറണാകുളത്ത് എത്തുന്നുണ്ടെങ്കിലും കുടുംബയോഗങ്ങളിലോ കൺവെൻഷനിലോ ഇബ്രാഹിം കുഞ്ഞ് പങ്കെടുക്കുന്നില്ല.ഇബ്രാഹിംകുഞ്ഞിനെ പങ്കെടുപ്പിച്ചാൽ പാലം അഴിമതിയിൽ പ്രതിരോധത്തിലായ യു‍ഡിഎഫിന് ഇരട്ട പ്രഹരമാകുമെന്ന തിരിച്ചറിവിലാണ് ഈ നീക്കം.