രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് വികെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു എംപിയുടെ പ്രതികരണം. രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വികെ ശ്രീകണ്ഠന എംപി സ്വീകരിച്ചത്. 

ആരോപണം വന്നപ്പോൾ തന്നെ രാഹുലിനോട് ഒഴിയാൻ ആവശ്യപ്പെട്ടുവെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു. രാഹുലിന്റെ രാജി പാർട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. രാജി പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ്. രാഹുൽ പറഞ്ഞത് തെറ്റാണ്. രാജി വെച്ചത് പാർട്ടി ആവിശ്യപ്രകാരമാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. ആരോപണം വന്നയുടൻ പാർട്ടി നടപടി എടുത്തുവെന്നും ഇത്തരം ആരോപണങ്ങൾ ഉയർന്ന ആളുകളെ വ്യക്തിപരമായി പിന്തുണയ്ക്കാനാകില്ലെന്നും വികെ ശ്രീകണ്ഠൻ പ്രതികരിച്ചു. 

അതേസമയം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പൊലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നുമാണ് പൊലീസിന് കിട്ടിയ നിയമപദേശം.

സിപിഎം അനുഭാവിയായ അഭിഭാഷകൻ ഷിന്‍റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്.നിലവിലെ വൈസ് പ്രസിഡന്‍റുമാരായ അബിൻ വ‍ർക്കി, ഒ ജെ ജനീഷ് , ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കെപിസിസി പ്രസിഡന്‍റ്, കെഎസ്‍യു , മഹിളാ കോൺഗ്രസ് പ്രസിഡന്‍റുമാർ എന്നിവർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായതിനാൽ അബിൻ വർക്കിയെ പരിഗണിക്കാൻ സാധ്യത കുറവാണ്.

YouTube video player