Asianet News MalayalamAsianet News Malayalam

Rifa Mehnu : റിഫ മെഹ്നുവിന്‍റെ മരണം; പോസ്റ്റ്മോർട്ടം പൂർത്തിയായി, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും

ശ്വാസം മുട്ടിച്ചാണോ അതോ  വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുൾപ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. 

Vlogger Rifa Mehnu Postmortem completed
Author
Kozhikode, First Published May 7, 2022, 6:58 PM IST

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu) പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.

വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്നുളള അന്വേഷണമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ  വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുൾപ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്.  പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം രാവിലെ 11ഓടെയാണ് പുറത്തെടുത്തത്. തുടർന്ന് സബ് കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. രണ്ട് മാസം മുമ്പ് അടക്കം ചെയ്തതിനാൽ മൃതദേഹം പൂർണമായി ജീർണ്ണിച്ചിട്ടില്ലായിരുന്നു. അതിനാൽ വിശദമായ പരിശോധനകൾക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ രാസ പരിശോധനകൾക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാൻ വിട്ടുനൽകി. ദുരൂഹതകൾ പുറത്തുവരുമെന്നാണ് റിഫയുടെ കുടുംബാംഗങ്ങളുടെ പ്രതീക്ഷ.

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് മെഹ് നാസിനെതിരെ കേസെടുത്തു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം മെഹ്നാസിന്റെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്തു. നിർണായകമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിന്‍റ അടിസ്ഥാനത്തിലാവും മെഹ്നാസിനെയുൾപ്പെടെ ചോദ്യം ചെയ്യുക 

ആല്‍ബം നടി കൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്.

Follow Us:
Download App:
  • android
  • ios