Asianet News MalayalamAsianet News Malayalam

'പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു'; അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ വിഎം സുധീരന്‍

നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് സുധീരന്‍.

vm sudheeran reaction ayodhya ram temple mandir consecration ceremony joy
Author
First Published Jan 22, 2024, 5:02 PM IST

തിരുവനന്തപുരം: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കേവലം ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായി. നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് സുധീരന്‍ പറഞ്ഞു. 

പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് സതീശന്‍ പറഞ്ഞു. 'സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേര്‍ത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോര്‍ക്കുക.' ഗുരുഹത്യ നടത്തിയവര്‍ നീതിമാന്റെ മുഖംമൂടി ധരിച്ച് വരുമ്പോള്‍ അത്തരക്കാരോട് കോണ്‍ഗ്രസിന് ഒരിക്കലും സന്ധിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവര്‍ക്ക് എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പ് വരുത്താന്‍ ബാധ്യത ഉണ്ട്. എല്ലാ മതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയന്‍ പറഞ്ഞു. 'മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോള്‍ മതവും രാഷ്ട്രവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുന്നു. ഒരു മത സ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി. ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിര്‍ത്തണമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയോധ്യയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നു'. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'ഹിന്ദി തെരിയാത്, പോടാ'; ബിജെപി പരാമർശത്തോട് പ്രതികരിച്ച് ഉദയനിധി 
 

Latest Videos
Follow Us:
Download App:
  • android
  • ios