ആഗോള അയ്യപ്പ സംഗമത്തിൽ നിലവിൽ 5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി വി എൻ വാസവൻ. എന്നാൽ പ്രതിനിധികളുടെ എണ്ണം മുൻഗണനാക്രമത്തിൽ 3000 ആക്കുമെന്നും മന്ത്രി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ നിലവിൽ 5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി വി എൻ വാസവൻ. പ്രതിനിധികളുടെ എണ്ണം മുൻഗണനാക്രമത്തിൽ 3000 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ശബരിമല മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. മാസ്റ്റർ പ്ലാൻ നിർദ്ദേശങ്ങൾ ആഗോള അയ്യപ്പ സംഗമത്തിൽ ചർച്ചയാകും. ഭാവി വികസനത്തിനു വേണ്ടിയുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയാണ് പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചുവെന്നും പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ഭാവിയിൽ ഒരുക്കേണ്ട സൗകര്യങ്ങൾ എന്തൊക്കെയാണ്. ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനാണ് ആഗോള സംഗമം. തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ ഉയരും. ആഗോള തീർത്ഥാടന കേന്ദ്രമായി ശബരിമലയെ മാറ്റണം. അതിനുള്ള ചർച്ചകൾ അയ്യപ്പ സംഗമത്തിൽ ഉണ്ടാകും. അയ്യപ്പ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി
ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിച്ചിരുന്നു. പ്രാഥമികകാര്യങ്ങൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹർജിയിൽ പറയുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നുണ്ട്.



