വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഒന്നാം ചരമ വാർഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്.
തിരുവനന്തപുരം: വിഎസിനെ കുറിച്ചുള്ള അനുസ്മരണക്കുറിപ്പുള്ള ഇന്നിറങ്ങേണ്ട ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി. എന്നാൽ കള്ളൻ വിജയൻ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ പറ്റിയുള്ള മറ്റൊരു ലേഖനം കാരമാണ് സപ്ളിമെൻ്റിൻ്റെ അച്ചടി മാറ്റിവെച്ചതെന്നാണ് ദേശാഭിമാനി വൃത്തങ്ങളുടെ വിശദീകരണം. കള്ളൻ വിജയൻ എന്ന തലക്കെട്ടിനെ ചൊല്ലി എഡിറ്റോറിയൽ ബോർഡിൽ തർക്കമുണ്ടായെന്നും വിവരമുണ്ട്.
മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന പേരിൽ വിഎസിൻറെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകനായിരുന്നു കവർസ്റ്റോറി എഴുതിയത്. വിഎസിൻറെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് പാർട്ടി പത്രത്തിറെ സൺഡേ സപ്ളിമെൻറിലെ കവർസ്റ്റോറി. എന്നാൽ ഇന്ന് പത്രം ഇറങ്ങിയത് സപ്ളിമെൻറില്ലാതെയായിരുന്നു. ഒന്നാം പേജിൽ അറിയിപ്പായി കൊടുത്തത് സാങ്കേതിക കാരണം മൂലം സപ്ളിമെൻറ് ഇല്ലെന്നായിരുന്നു. ഇതോടെ വിഎസിനെ പാർട്ടി പത്രം തമസ്കരിച്ചെന്ന രീതിയിൽ വിവാദം മുറുകി. പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. സപ്ളിമെൻറിൻറെ അവസാന പേജിലെ മറ്റൊരു ലേഖനത്തിൻറെ തലക്കെട്ടാണ് യഥാർത്ഥ പ്രശ്നമായത്.
പുല്ലംപാറയിൽ കള്ളൻ വിജയൻ എന്ന് അറിയപ്പെടുന്ന ഒരു നാടകപ്രവർത്തകനുണ്ട്. അയാളെ കുറിച്ചുള്ള കള്ളൻ വിജയൻധന്യ നാടക ഗ്രാമം മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഫ്രണ്ട് പേജിൽ വിഎസ് ഓർമ്മയും. ലാസ്റ്റ് പേജിൽ കള്ളൻ വിജയൻ എന്ന ലേഖനവും വരുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. ഇത് തർക്കത്തിനും ഇടയാക്കി. ഒടുവിൽ അനാവശ്യ തെറ്റിദ്ധാരണ ഒഴിവാക്കാൻ സപ്ളിമെൻറ് തന്നെ വേണ്ടെന്ന് വെച്ചു. പാർട്ടി പത്രം വായിച്ചില്ലെന്ന് വരെ പറഞ്ഞായിരുന്നു നേതാക്കളുടെ ഒിഞ്ഞുമാറൽ. വാർത്ത പുറത്തായതോടെ വിഎസിനെയും പിണറായിയെയും ചേർത്തും ദേശാഭിമാനിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചുമൊക്കെ രാഷ്ട്രീയ എതിരാളികൾ സമൂഹമധ്യമങ്ങളിൽ വിവാദം സജീവചർച്ചയാക്കി.



