Asianet News MalayalamAsianet News Malayalam

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​​ഗവർണറുടെ നടപടി അസാധാരണം: കൃഷി മന്ത്രി

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കര്‍ഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.

VS Sunil kumar against governors decision on assembly session
Author
Thiruvananthapuram, First Published Dec 22, 2020, 6:18 PM IST

തിരുവനന്തപുരം: കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ അനുമതി നിഷേധിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അസാധാരണമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാര്‍. ഇക്കാര്യത്തിലെ തുടര്‍ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നാല് മണി - അഞ്ച് മണി വരെ ഞങ്ങൾ പ്രതീക്ഷിച്ചത് ഗവർണർ അനുമതി തരുമെന്നാണ്. ഇതുവരെ ഇങ്ങനെയൊരു സാഹചര്യം ഇന്ത്യയിലുണ്ടായിട്ടില്ല. ഒരു രാജ്യം ഒരു നിയമം ഒരു പാർലമെൻ്റ എന്നു പറയുന്നത് നാം ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണം എന്നാണ്. ഭരണഘടനപരമായി പ്രവർത്തിക്കേണ്ട അസംബ്ലികളുടെ പ്രവർത്തനം തടയാൻ ആർക്കും അധികാരമില്ല. ഇക്കാര്യത്തിൽ എന്തു തുടർനടപടി സ്വീകരിക്കണമെന്നത് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം കൂടിയാലോചന നടത്തി തീരുമാനിക്കും. പറയാനുള്ള കാര്യങ്ങൾ പറയാതിരിക്കാൻ സർക്കാരിന് പറ്റില്ല. 

മുഖ്യമന്ത്രിയും കക്ഷിനേതാക്കളും കൂടിയാലോചിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനം വേണ്ടത്. ഗവർണർ അനുമതി നൽകാത്ത പക്ഷം നിയമസഭാ വിളിച്ചു കൂട്ടാൻ പറ്റില്ല. സ്വാഭാവികമായും അതു നിയമയുദ്ധത്തിലേക്ക് പോകും. എന്നാൽ ഇക്കാര്യത്തിൽ പാലിക്കേണ്ട അടിസ്ഥാന നയങ്ങളെപ്പറ്റി സുപ്രീംകോടതിയടക്കം നേരത്തെ പലവട്ടം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് വേണം ഗവർണർ നിയമസഭ വിളിച്ചു ചേർക്കാൻ. സാധാരണ ഗതിയിൽ മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഗവർണർ മെനക്കെടാറില്ല. സംസ്ഥാന സർക്കരിൻ്റേയും നിയമസഭയുടേയും തീരുമാനത്തെ മാനിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. - വിഎസ് സുനിൽ കുമാര്‍ പറഞ്ഞു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കര്‍ഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ ഒരു മണിക്കൂര്‍ മാത്രം നീളുന്ന പ്രത്യേക സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. കക്ഷി നേതാക്കൾക്ക് മാത്രം സമ്മേളനത്തിൽ സംസാരിക്കാൻ അനുമതി നൽകിയാൽ മതിയെന്നും ധാരണയായിരുന്നു.

സമ്മേളനം വിളിച്ചു കൂട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ലഭിച്ച രാജ്ഭവൻ ഇതേക്കുറിച്ച് വിശദീകരണം തേടി. കൊവിഡ് കാലത്ത് നിയമസഭാ സമ്മേളനം വിളിക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് പ്രധാനമായും രാജ്ഭവൻ ചോദിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നൽകിയെങ്കിലും ഗവര്‍ണര്‍ തൃപ്തനായില്ല. ഉച്ചയോടെ കൃഷിമന്ത്രി വിഎസ് സുനിൽകുമാര്‍ നേരിട്ട് രാജ്ഭവനിലെത്തുകയും കാര്‍ഷിക ബിൽ കേരളത്തിലെ കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും മന്ത്രിയുടെ വാദങ്ങളും തള്ളിയാണ് രാജ്ഭവൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. 

Follow Us:
Download App:
  • android
  • ios