ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള വൈപ്പിൻ മണ്ഡലത്തിൽ 2006 മുതൽ എൽഡിഎഫാണ് വിജയിക്കുന്നത്. 2021-ൽ കെഎൻ ഉണ്ണികൃഷ്ണൻ വിജയിച്ചെങ്കിലും, ട്വന്റി-20, ബിജെപി എന്നിവരുടെ സാന്നിധ്യം മത്സരത്തെ സങ്കീർണ്ണമാക്കി. തീരദേശ വിഷയങ്ങളും വികസനവും മുൻനിർത്തിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പോരാട്ടം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കമുളള മണ്ഡലമാണ് വൈപ്പിൻ. യുഡിഎഫും മണ്ഡലത്തിൽ വിജയിച്ചിട്ടുണ്ട്. 2006 മുതൽ തുടർച്ചയായി എൽഡിഎഫാണ് മണ്ഡലത്തിൽ വിജയക്കൊടി പാറിക്കുന്നത്. ശക്തമായ പ്രാദേശിക സംഘടന, പഞ്ചായത്ത് തലത്തിലുള്ള നെറ്റ്‌വർക്കുകൾ, മത്സ്യത്തൊഴിലാളി യൂണിയനുകളുമായും റെസിഡന്റ്‌സ് അസോസിയേഷനുകളുമായുള്ള നിരന്തരമായ ഇടപെടൽ എന്നിവയിലൂടെ സിപിഎം വൈപ്പിനിൽ ശക്തമായ ഒരു അടിത്തറ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെയാണ് വൈപ്പിനായി മാറിയത്.

2021നെ നിയമസഭ തെരഞ്ഞെടുപ്പ്

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വൈപ്പിൻ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണ്ണായക നേതൃമാറ്റത്തിന്റെ കൂടി വേദിയായിരുന്നു. ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിർന്ന നേതാവ് എസ്.ശർമ്മയ്ക്ക് പകരം, ജനകീയ മുഖമായ കെഎൻ ഉണ്ണിക്കൃഷ്ണനെയാണ് സിപിഎം കളത്തിലിറക്കിയിരുന്നത്. മണ്ഡലത്തിന് വ്യക്തികളോടുള്ള വിശ്വസ്തതയാണോ അതോ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയാണോ വിജയഘടകം എന്ന് പരീക്ഷിക്കപ്പെട്ട സന്ദർഭമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്. യുവത്വത്തിന്റെ കരുത്തുമായാണ് കോൺഗ്രസ് സ്ഥാനാർത്ഥി ദീപക് ജോയ് മത്സരത്തിനെത്തിയത്. തീരദേശ വിഷയങ്ങളിലെ ശക്തമായ ഇടപെടലുകളും വികസന മുരടിപ്പിനെതിരെയുള്ള വിമർശനങ്ങളും മുൻനിർത്തി അദ്ദേഹം ശക്തമായ പ്രചാരണം കാഴ്ചവെച്ചു. ബിജെപിക്കൊപ്പം ട്വന്റി-20 കൂടി സജീവമായി രംഗത്തുണ്ടായിരുന്നത് വൈപ്പിനിലെ രാഷ്ട്രീയപ്പോരാട്ടത്തെ ബഹുതല മത്സരമാക്കി മാറ്റി.

2021-ലെ തിരഞ്ഞെടുപ്പിൽ വൈപ്പിൻ വീണ്ടും ഇടതുപക്ഷത്തോടുള്ള താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. 8,201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെഎൻ ഉണ്ണികൃഷ്ണൻ ദീപക് ജോയിയെ പരാജയപ്പെടുത്തിയത്. ട്വൻ്റി20 സ്ഥാനാർഥി ജോബ് ചക്കലക്കൽ 16,707 വോട്ടുകളായിരുന്നു നേടിയിരുന്നത്. ബിജെപി സ്ഥാനാർഥിക്ക് 13540 വോട്ടുകളും ലഭിച്ചു. കെഎസ് ഷൈജു ആയിരുന്നു ബിജെപി സ്ഥാനാർഥി. എൽഡിഎഫിന്റെ തുടർച്ചയായ കരുത്ത് അടിവരയിടുമ്പോൾ തന്നെ, പ്രതിപക്ഷ വോട്ടുകളുടെ വിഭജനവും പുതിയ രാഷ്ട്രീയ ബദലുകളുടെ സാന്നിധ്യവും എടുത്തുകാട്ടിയ തെര‍ഞ്ഞെടുപ്പ് കൂടിയായിരുന്നു 2021ലെ നിയമസഭ തെര‍ഞ്ഞെടുപ്പ്.

2011 മുതലുള്ള കണക്കുകൾ

2011ൽ 5,242 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എസ് ശർമ യുഡിഎപ് സ്ഥാനാർഥി അജയ് തറയിലിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാരാ‍ഥി ടിജി സുരേന്ദ്രൻ 2,930 വോട്ടുകൾ നേടിയിരുന്നു. 2016ൽ 19,353 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എസ് ശർമ വിജയിച്ചത്. കോൺ​ഗ്രസ് സ്ഥാനാർഥി കെആർ സുഭാഷിനെയായിരുന്നു ശർമ പരാജയപ്പെടുത്തിയിരുന്നത്. എൻഡിഎയ്ക്ക് വേണ്ടി മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി വാമലോചനൻ കെകെ 10,051 വോട്ടുകൾ നേടിയിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ 8,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദീപക് ജോയിയെ കെഎൻ ഉണ്ണികൃഷ്ണൻ പരാജയപ്പെടുത്തിയത്. ട്വൻ്റി20 സ്ഥാനാർഥിക്ക് മണ്ഡലത്തിൽനിന്നും 16,707 വോട്ടുകതൾ ലഭിച്ചിരുന്നു. ബിജെപി സ്ഥാനാർഥിക്ക് 13,540 വോട്ടുകളും ലഭിച്ചിരുന്നു. കോൺ​ഗ്രസിൻ്റെ വോട്ടുകൾ കുറയുന്നതും ബിജെപി വോട്ട് വിഹിതം കൂട്ടുന്നതും ഈ കണക്കുളിലൂടെ മനസിലാകും.

സ്ഥാനാർത്ഥികൾ

എംബി ഷൈനിയാണ് വൈപ്പിനിൽ ഇത്തവണ എൽഡിഎഫിനുവേണ്ടി രം​ഗത്തിറങ്ങുന്നത്. കോൺ​ഗ്രസ് നേതാവ് യാണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ട്വൻ്റി20 യിലെ അനിത തോമസ് ആണ് എൻഡിഎ സ്ഥാനാർഥി. ആം ആദ്മി പാർട്ടിക്കുവേണ്ടി മോഹൻദാസ് പിജിയാണ് മത്സര രം​ഗത്തുള്ളത്.

തീരദേശ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം, ഫിഷിംഗ് നിരോധന സമയത്തെ നഷ്ടപരിഹാരം, വീടുകളുടെ സുരക്ഷ, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവയായിരുന്നു വൈപ്പിനിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങൾ. മത്സ്യത്തൊഴിലാളികളാണ് മണ്ഡലത്തിലെ കൂടുതൽ വോട്ടർമാർ. പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷമുള്ള പെൻഷനുകൾ, ആരോഗ്യ പരിരക്ഷ, ഭവന പദ്ധതികൾ, റേഷൻ വിതരണം എന്നിവ സൂക്ഷ്മമായി പരിശോധിക്കപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞുകൊണ്ടുതന്നെയാണ് എംബി ഷൈനി വോട്ടർമാർക്ക് ഇടയിൽ എത്തുന്നത്. ഭരണവിരുദ്ധ വികാരമാണ് യുഡിഎഫ് പ്രചരണായുധമാക്കുന്നത്.