Asianet News MalayalamAsianet News Malayalam

വൈറ്റില പാലം തുറന്ന കേസ്: നിപുൺ ചെറിയാന് ഒഴികെ 3 പ്രതികൾക്കും ജാമ്യം

പൊതുമുതൽ നശിപ്പിച്ചത് അടക്കം നേരത്തേയുള്ള കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പഴയ ആ കേസുകളിൽ ജാമ്യവ്യവസ്ഥ ഇപ്പോൾ നിപുൺ ലംഘിച്ചെന്നും കോടതി നിരീക്ഷിച്ചു. 

vytila bridge opening case nipun cherian denied bail
Author
Kochi, First Published Jan 7, 2021, 6:21 PM IST

കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറാണ് നിപുൺ ചെറിയാൻ. പൊതുമുതൽ നശിപ്പിച്ചത് അടക്കം നേരത്തേയുള്ള കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പഴയ ആ കേസുകളിൽ ജാമ്യവ്യവസ്ഥ ഇപ്പോൾ നിപുൺ ലംഘിച്ചെന്നും കോടതി നിരീക്ഷിച്ചു. 

വി ഫോർ കേരള ഭാരവാഹികളായ സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഷക്കീർ അലി, സാജൻ അസീസ്, ആന്‍റണ ആൽവിൻ എന്നിവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇവരെ കോടതി ഇന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. 

25,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് മൂന്ന് പ്രതികൾക്ക് ജാമ്യം നൽകിയിരിക്കുന്നത്. പതിനാറായിരം രൂപ വിലയുള്ള 11 ബാരിക്കേഡുകൾ പ്രതികൾ നശിപ്പിച്ചെന്നും, ഇത് വഴി ഒരുലക്ഷത്തി എഴുപത്തിയാറായിരം രൂപ നഷ്ടം സംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയുള്ള രേഖകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 

തേവരയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് നിപുൺ ചെറിയാൻ വീണ്ടും മറ്റൊരു കുറ്റം ആവർത്തിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന വാദം. കഴിഞ്ഞ ഡിസംബർ 31ന് പാലം തുറന്ന് കൊടുക്കുന്നുവെന്ന ആഹ്വാനം വഴി വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറായ നിപുൺ ചെറിയാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘം ചേരാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. നിലവിലെ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും സമാന കുറ്റം ചെയ്തെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.

ശനിയാഴ്ചയാണ് വൈറ്റില കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം.മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുക്കുക.മന്ത്രിമാരായ ജി സുധാകരനും,തോമസ് ഐസക്കും പരിപാടിയിൽ നേരിട്ട് പങ്കെടുക്കും.

Read more at: 'വൈറ്റില പാലം തുറന്നവർ ക്രിമിനൽ മാഫിയ, അന്വേഷണം വേണം', ആഞ്ഞടിച്ച് ജി സുധാകരൻ

Follow Us:
Download App:
  • android
  • ios