കൊച്ചി: ഉദ്ഘാടനം കാത്തിരിക്കുന്ന കൊച്ചി വൈറ്റില മേൽപ്പാലത്തിലൂടെ വാഹനം കടത്തി വിട്ട കേസിൽ കൂടുതൽ അറസ്റ്റ്. എറണാകുളം തമ്മന൦ സ്വദേശി ആന്റണി ആൽവിൻ, കളമശ്ശേരി സ്വദേശി സാജൻ, മട്ടാഞ്ചേരി സ്വദേശി ഷക്കീ൪ അലി എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ നാല് വി ഫോർ കേരള പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രവർത്തകരുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് വി ഫോ‌ർ കേരളയുടെ ആരോപണം. 

വി ഫോ‌ർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരെയാണ് വൈറ്റില മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിട്ട കേസിൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ നിർണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കത്തിൻറെ ഭാഗമാണ് അറസ്റ്റെന്ന് വി ഫോർ കേരളയുടെ ആരോപിച്ചു. ഇതിൻറെ ഉദാഹരമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങൾക്കെതിരെ രംഗത്തെത്തിയതെന്നും ഇവർ പറയുന്നു.

ഉദ്ഘാടനത്തിന് മുൻപെ പാലം തുറന്ന് കൊടുത്തതിന് സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണ ലഭിച്ചതും രാഷ്ട്രീക്കാരുടെ അതൃപ്തിക്ക് കാരണമായി. കിഴക്കമ്പലത്ത് ട്വൻറി ട്വൻറി നേടിയത് പോല കൊച്ചി നഗരസഭയിലും ഭരണത്തിലെത്തുകയായിരുന്നു വി ഫോർ കേരളയുടെ ലക്ഷ്യം. ഇതിന് തടയിടാനാണ് സിപിഎം നീക്കമെന്നും ഇവർ ആരോപിക്കുന്നു. പാലം ഉദ്ഘാടനം വൈകുന്നെന്നാരോപിച്ച് 31 ന് വി ഫോർ കേരള സമരം നടത്തിയിരുന്നു. ഒപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചാരണവും നടത്തി. ഇതാണ്  കൂട്ടായ്മയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ കാരണം.

പ്രധാന നേതാക്കളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പടെ സംഭവ സ്ഥലത്താണെന്നും പൊലീസ് കണ്ടെത്തി. പാലത്തിൽ ഒന്നര ലക്ഷം രൂപക്ക് മുകളിൽ നാശ നഷ്ടമുണ്ടാക്കിയെന്ന് പൊതുമരാമത്ത് വകുപ്പും പൊലീസിൽ പരാതിയിൽ നൽകി. നഷ്ടത്തിന്റെ കണക്ക് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പാലത്തിൽ ഭാരപരിശോധന പൂർത്തിയായതെന്നും അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാകാത്തതിനാലാണ് ഉദ്ഘാടനം ശനിയാഴ്ചത്തേക്ക് മാറ്റിയതെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.