കൊച്ചി: നീണ്ട കാത്തിരിപ്പിന് ഒടുവിൽ അവസാനമാകുന്ന. കൊച്ചിയുടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് നടക്കും. വൈറ്റില മേൽപ്പാലം രാവിലെ 9:30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വൈറ്റില ജംക്‌ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിൽ 85 കോടി രൂപ ചെവിട്ടാണ് മേൽപ്പാലം പണിതിരിക്കുന്നത്. 2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു നിർമ്മാണം തുടങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിൽ 74 കോടിയിലധികം രൂപ ചെലവിട്ടാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം പണിതത്. 2018 മാര്‍ച്ചിലായിരുന്നു നിർമ്മാണം ആരംഭിച്ചത്.

രണ്ട് മേൽപ്പാലങ്ങളുടെയും നിർമ്മാണ് മാർച്ചിൽ പൂ‍‌‌ർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും കൊവിഡും കാലാവസ്ഥയും തിരിച്ചടിയാകുകയായിരുന്നു. 

കൊച്ചിയിലെ കുപ്രസിദ്ധമായ ബ്ലോക്കുകൾക്ക് ഇരു മേൽപ്പാലങ്ങളും തുറന്ന് കൊടുക്കുന്നതോടെ ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ആദ്യ രണ്ട് പാലങ്ങളിലൂടെ  അതിവേഗം കടന്നെത്തുന്ന വാഹനങ്ങൾ തത്കാലം പാലാരിവട്ടമെത്തുമ്പോൾ ഒന്ന് പതുങ്ങേണ്ടി വരും. പാലാരിവട്ടം കൂടി അറ്റകുറ്റപണി കഴിഞ്ഞ് തുറക്കുമ്പോൾ കൊച്ചിയുടെ കുരുക്ക് അഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.